അടുക്കളയിലെ കറികളിൽ സ്ഥിര സാന്നിധ്യമാണ് പച്ചമുളക്. കുറെ പച്ചമുളക് ഒരുമിച്ച് കിട്ടിയാൽ പൊതുവെ ഫ്രിജിൽ സൂക്ഷിക്കുകയായിരിക്കും പതിവ്. ചില സമയത്ത് ഫ്രിജിൽ വെച്ചാലും അധിക നാൾ പച്ചമുളക് ഫ്രെഷായി ഇരിക്കുകയില്ല. എന്നാൽ കൂടുതൽ നാൾ പച്ചമുളക് ഫ്രെഷായി സൂക്ഷിക്കാൻ ചില പൊടികൈകൾ പറഞ്ഞുതരാം.
പച്ചമുളക് നന്നായി കഴുകി വൃത്തിയാക്കുക. അതിനു ശേഷം അതിൽ നിന്ന് കേടായതും പഴുത്തതുമായ മുളകുകളൊക്കെ മാറ്റി വച്ച് നല്ല പച്ച കളറിലുള്ള പച്ചമുളക് എടുത്ത് അതിന്റെ ഞെട്ടെല്ലാം മാറ്റി വെള്ളം ഒട്ടുമില്ലാതെ നന്നായി തുടച്ച് എടുക്കുക (ഇതേ രീതിയിൽ മല്ലിയിലയും പുതിനയിലയും തക്കാളിയും സൂക്ഷിച്ചു വയ്ക്കാം) ഇനി ഒരു എയർ ടൈറ്റായ പ്ലാസ്റ്റിക് ബോക്സ് എടുത്ത് അതിന്റെ അടിയിൽ ടിഷ്യൂ പേപ്പർ ഇട്ട് അതിനു മുകളിലായി പച്ചമുളക് ഇട്ടു വയ്ക്കുക. മറ്റൊരു ടിഷ്യൂ പേപ്പറെടുത്ത് ഇതിനു മുകളിലായി വച്ചു കൊടുക്കുക. മുകളിൽ വയ്ക്കുന്ന ടിഷ്യൂ പേപ്പർ ഒരാഴ്ച കൂടുമ്പോൾ മാറ്റി വച്ചു കൊടുക്കുക. താഴത്തെ ടിഷ്യൂ പേപ്പർ മാറ്റേണ്ടതില്ല. ഇങ്ങനെ ചെയ്താൽ ഒരു മാസം വരെ പച്ചമുളക് കേടുകൂടാതെ നല്ല ഫ്രെഷായി ഇരിക്കും.
പച്ചമുളക് സൂക്ഷിക്കാനുള്ള മറ്റൊരു രീതി : വൃത്തിയാക്കിയ പച്ചമുളക് ഒരു മിക്സിയുടെ ജാറിൽ അരച്ച് എടുക്കുക. ഇത് ഒരു ട്രേയിൽ ക്ലിങ് ഫിലിം കവർ ചെയ്തു ഫ്രിജിൽ വയ്ക്കാം. 2 മണിക്കൂറിനു ശേഷം ഫ്രീസർ സേഫ് ബാഗിൽ എയർ കളഞ്ഞു ഫ്രീസറിൽ സൂക്ഷിക്കാം.