ഇറാൻ ഇസ്രയേൽ യുദ്ധം ഒരു പരിധിവരെ വഷളാക്കിയതിൽ അമേരിക്കയ്ക്ക് നല്ല പങ്കുണ്ട്. ഇറാനെതിരെ ഇസ്രയേലിനൊപ്പം അമേരിക്ക കൂടി തിരിഞ്ഞതോടെ കാര്യങ്ങൾ വഷളായി. അമേരിക്കയ്ക്കെതിരെ ഇറാൻ തിരിച്ചടി നൽകിയെങ്കിലും യുഎസിന് സംബന്ധിച്ച് കാര്യമായി ഒരു ആഘാതമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.
ഖത്തറിലെ അമേരിക്കയുടെ ഏറ്റവും വലിയ സൈനിക വ്യോമ താവളമായ അൽ ഉദൈദിനെയാണ് ഇറാൻ ലക്ഷ്യമിട്ടത്. മറ്റ് രാജ്യങ്ങളിലെ അമേരിക്കൻ വ്യോമ താവളങ്ങളും ഭീഷണിയുടെ നിഴലിലായിരുന്നു.
പക്ഷെ പല രാജ്യങ്ങളിലായി നിരവധി വ്യോമ താവളങ്ങളുള്ള ഒരു രാജ്യമാണ് അമേരിക്ക. വാഷിങ്ടണ്‍ ഡിസിയിലുള്ള അമേരിക്കൻ സർവകലാശാലയിലെ രാഷ്ട്രീയ നരവംശശാസ്ത്ര പ്രൊഫസറായ ഡേവിഡ് വൈനിൻ്റെ അഭിപ്രായത്തിൽ, 2021 ജൂലൈ വരെ യുഎസിന് കുറഞ്ഞത് 80 രാജ്യങ്ങളിലായി ഏകദേശം 750 സൈനിക താവളങ്ങളുണ്ടായിരുന്നു. ജപ്പാനിലാണ് ലോകത്ത് ഏറ്റവും കൂടുതൽ യുഎസ് താവളങ്ങളുള്ളത്. 180 ആണ് ജപ്പാനിലെ യുഎസ് താവളങ്ങളുടെ എണ്ണം.
രണ്ടാമത് ജർമനിയാണ്. ജർമനിയിൽ 119 യുഎസ് വ്യോമ താവളങ്ങളുണ്ട്. പിന്നാലെ ദക്ഷിണ കൊറിയയും ഉണ്ട്. ദക്ഷിണ കൊറിയയിൽ 73 യുഎസ് താവളങ്ങളാണ് ഉള്ളത്.
ലെബനന്‍ പ്രതിസന്ധി സമയത്ത് ബെയ്റൂട്ടിലേക്ക് സൈനികരെ അയച്ചതിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റിലേക്ക് യുഎസ് ആദ്യമായി സൈന്യത്തെ വിന്യസിച്ചത്. 1958 ജൂലൈയിലാണ് ആദ്യത്തെ സൈനിക കേന്ദ്രം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക സ്ഥാപിച്ചത്.
കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൻ്റെ കണക്ക് അനുസരിച്ച് 2025 ജൂൺ വരെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ ഏകദേശം നാൽപതിനായിരം യുഎസ് സൈനികരുണ്ട്. എന്നാല്‍ സെനികര്‍ ഭൂരിഭാഗം ഉള്ളത് കടലിൽ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലാണെന്ന് യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ബഹ്‌റൈൻ, ഈജിപ്‌ത്, ഇറാഖ്, ഇസ്രയേൽ, ജോർദാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, സിറിയ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ കുറഞ്ഞത് പത്തൊൻപത് സ്ഥലങ്ങളിൽ അമേരിക്കയുടെ സൈനിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹ്‌റൈൻ: 8,300 ഉദ്യോഗസ്ഥരുള്ള യുഎസ് ഫിഫ്ത്ത് ഫ്ലീറ്റിൻ്റെ ആസ്ഥാനമാണിത്. യുഎസിൻ്റെ പ്രധാന നാവിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഗൾഫ്, ചെങ്കടൽ, ഇന്ത്യൻ മഹാസമുദ്രത്തിൻ്റെ ചില ഭാഗങ്ങൾ, അറേബ്യൻ കടൽ എന്നിവിടങ്ങളിലാണ്.
ഖത്തർ: യുഎസ് സെൻട്രല്‍ കമാഡിൻ്റെ മുന്‍ ആസ്ഥാനമായ അൽ ഉദൈദ് വ്യോമതാവളം ദോഹയ്ക്ക് അടുത്തായുള്ള മരുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഏകദേശം 24 ഹെക്‌ടര്‍ വിസ്‌തൃതിയിലാണ് ഈ വ്യോമതാവളം വ്യാപിച്ചു കിടക്കുന്നത്. ഈജിപ്‌തിൻ്റെ പടിഞ്ഞാറ് മുതല്‍ കസാക്കിസ്ഥാൻ്റെ കിഴക്ക് വരെ വ്യാപിച്ച കിടക്കുന്ന ചില പ്രദേശങ്ങളില്‍ യുഎസിൻ്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന ഏറ്റവും വലിയ യുഎസ് ബേസില്‍ എകദേശം 10,000 സൈനികര്‍ ഉണ്ടെന്നാണ് കണക്ക്.
കുവൈറ്റ്: യുഎസ് സൈനിക കേന്ദ്രങ്ങള്‍ കൂടുതലായും സ്ഥിതി ചെയ്യുന്നത് ഇറാഖ് അതിർത്തിയിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ അകലെയുള്ള ഒറ്റപ്പെട്ടതും പരുക്കനുമായ ‘ദി റോക്ക്’ എന്നറിയപ്പെടുന്ന പ്രദേശത്താണ്. യുഎസ് ആർമി സെൻട്രലിൻ്റെ മുൻ ആസ്ഥാനമായ ക്യാമ്പ് അരിഫ്‌ജാന്‍ അടക്കം കുവൈറ്റിലെ നിരവധി സൈനിക കേന്ദ്രങ്ങള്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
കുവൈറ്റിൻ്റെ വടക്കുപടിഞ്ഞാറൻ മേഖലയിലെ യുഎസ് സൈനികർക്കുള്ള ഒരു സ്റ്റേജിങ് പോസ്റ്റാണ് ക്യാമ്പ് ബ്യൂറിങ്. 2003 ലെ ഇറാഖ് യുദ്ധകാലത്താണ് ഇത് സ്ഥാപിതമായത്. ഇറാഖിലേക്കും സിറിയയിലേക്കും വിന്യസിക്കുന്ന യുഎസ് ആർമി യൂണിറ്റുകൾക്ക് സഹായം നല്‍കുന്നതിനാണ് ഇത് പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് ആർമി വെബ്‌സൈറ്റ് പറയുന്നു.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്: യുഎഇയുടെ തലസ്ഥാനമായ അബുദാബിയിലാണ് അമേരിക്കയുടെ നിര്‍ണായക വ്യോമസേന കേന്ദ്രമായ അൽ ദഫ്ര വ്യോമതാവളം സ്ഥിതി ചെയ്യുന്നത്. യുഎഇയുടെ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ വ്യോമതാവളം യുഎഇ വ്യോമസേനയുമായും ബന്ധം നില നിര്‍ത്തുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ പ്രധാന ദൗത്യങ്ങളും മേഖയിലുടനീളം രഹസ്യാന്വേഷണങ്ങളും പിന്‍തുണയ്ക്കുന്ന പ്രധാന യുഎസ് വ്യോമസേനാ കേന്ദ്രമാണിത്.
യുഎസ് വ്യോമസേന സെൻട്രൽ കമാൻഡ് പ്രകാരം ദുബായിലെ ജബൽ അലി തുറമുഖം ഒരു ഔദ്യോഗിക സൈനിക താവളമല്ലെങ്കിലും, പശ്ചിമേഷ്യയിലെ യുഎസ് നാവികസേനയുടെ ഏറ്റവും വലിയ തുറമുഖമാണിത്. യുഎസിൻ്റെ വിമാന വാഹിനിക്കപ്പലുകളും മറ്റ് കപ്പലുകളും പതിവായി ഇവിടെ കാണാറുണ്ട്.
ഇറാഖ്: പടിഞ്ഞാറൻ അൻബാർ പ്രവിശ്യയിലെ ഐൻ അൽ അസദ് വ്യോമ താവളത്തിൽ യുഎസിൻ്റെ സൈനിക സാന്നിധ്യം ഉണ്ട്. വൈറ്റ് ഹൗസില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം ഇറാഖ് സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നതിനും നാറ്റോ ദൗത്യങ്ങള്‍ക്ക് സംഭാവന നല്‍കാനുമാണ് ഇവിടെ സൈന്യത്തെ നിലനിര്‍ത്തുന്നത്. ഇറാനിയൻ ജനറൽ ഖാസിം സുലൈമാനിയെ യുഎസ് കൊലപ്പെടുത്തിയതിന് പ്രതികാരമായി 2020 ൽ ഈ താവളം ലക്ഷ്യം വച്ച് ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു.
വടക്കൻ ഇറാഖിലെ അർധ സ്വയംഭരണാധികാരമുള്ള കുർദിസ്ഥാൻ മേഖലയിലാണ് എർബിൽ എയർ ബേസ് സ്ഥിചെയ്യുന്നത്. യുഎസിൻ്റെയും സഖ്യസേനകളുടെയും യുദ്ധ അഭ്യാസങ്ങളും പരിശീലനങ്ങളും നടക്കുന്ന കേന്ദ്രമാണിത്. കോണ്‍ഗ്രസിൻ്റെ റിപ്പോര്‍ട്ട് അനുസരിച്ച് വടക്കന്‍ ഇറാഖില്‍ സ്ഥിതിചെയ്യുന്ന ഈ കേന്ദ്രത്തിൽ അമേരിക്കന്‍ സൈന്യം പരിശീലനം, രഹസ്യാന്വാഷണം, സൈനിക വിന്യാസത്തിൻ്റെ ഏകോപനം എന്നിവ നടത്തി വരുന്നു.
സൗദി അറേബ്യ: വൈറ്റ് ഹൗസ് റിപ്പോർട്ട് പ്രകാരം 2024ൽ സൗദി അറേബ്യയില്‍ ഏകദേശം 2321 യുഎസ് സൈനികര്‍ ഉണ്ട്. സൗദി സര്‍ക്കാരുമായി സഹകരിച്ചാണ് ഇവിടുത്തെ സൈനിക കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഈ കേന്ദ്രങ്ങള്‍ പ്രധാനമായും യുഎസ് സൈന്യത്തിൻ്റെ വ്യോമ മിസൈല്‍ പ്രതിരോധ ശേഷിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു. കൂടാതെ യുഎസ് സൈനിക വിമാനങ്ങളുടെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. യുഎസിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സഹായം നല്‍കുന്ന പ്രിന്‍സ് സുല്‍ത്താന്‍ വ്യോമ താവളം റിയാദിൻ്റെ തെക്ക് ഭാഗത്തായി അറുപത് കിലേമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നു.
ജോർദാൻ: തലസ്ഥാനമായ അമ്മാനിൽ നിന്ന് 100 കിലോമീറ്റർ വടക്കുകിഴക്കായി അസ്രാഖിലാണ് മുവാഫാഖ് അൽ സാൾട്ടി എയർ ബേസ് സ്ഥിതി ചെയ്യുന്നത്. ലെവൻ്റിലുടനീളം ദൗത്യങ്ങളിൽ ഏർപ്പെടുന്ന യുഎസ് എയർഫോഴ്‌സ് സെൻട്രലിൻ്റെ 332-ാമത് എയർ എക്സ്പെഡിഷണറി വിങ് പ്രവർത്തിക്കുന്നത് ഇവിടെയാണെന്ന് 2024 ലെ ലൈബ്രറി ഓഫ് കോൺഗ്രസ് റിപ്പോർട്ട് പറയുന്നു.
സിറിയ: സിറിയ, ഇറാഖ്, ജോർദാൻ എന്നിവയുടെ ത്രിരാഷ്ട്ര അതിർത്തിയിലാണ് അൽ ടാൻഫ് ഗാരിസൺ സ്ഥിതി ചെയ്യുന്നത്. അൽ ടാൻഫിന് വെറും 12 മൈൽ തെക്കായിട്ട് 2024 ജനുവരിയിൽ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു. ലെബനില്‍ നിന്ന് ഹിസ്ബുള്ളയിലേക്കുള്ള ഇറാൻ്റെ കരമാർഗത്തെ ഇത് തടസപ്പെടുത്തുന്നു. കൂടാതെ ഇറാൻ-യുഎസ് സംഘർഷങ്ങളിൽ ഇത് ഒരു പതിവ് സംഘർഷ ബിന്ദുവാണ്.