അശോകത്തൊലി ഉദരവിരകളെ നശിപ്പിക്കുന്നതും ,രക്തശ്രാവം ശമിപ്പിക്കുന്നതും ,ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതുമാണ് ..പനി ,വായുകോപം ,വെള്ളദാഹം ,ശരീരം പുകച്ചിൽ , മൂത്രാശയരോഗങ്ങൾ, ഗർഭാശയരോഗങ്ങൾ എന്നിവയ്ക്കും അശോകത്തൊലി നല്ലതാണ് .അശോകത്തിന്റെ പൂക്കളും മൂത്രാശയരോഗങ്ങൾക്ക് വിശേഷപ്പെട്ട ഔഷധമാണ് .പിത്തം ,ശരീരം പുകച്ചിൽ ,വയറിളക്കം ,അമിതദാഹം ,കുട്ടികളിലെ കരപ്പൻ എന്നിവയ്ക്കും പൂക്കൾ ഔഷധമാണ് .ഉണങ്ങിയ പൂക്കൾ പ്രമേഹത്തിനും ,രക്താർശസ്സിനും നല്ലതാണ് . മൂത്രത്തിൽ കല്ലിനും അസ്ഥികളുടെ ഒടിവുകൾക്കും അശോകത്തിന്റെ വിത്ത് ഔഷധമാണ് . അശോകത്തിന്റെ ഇല ആമാശയ രോഗങ്ങൾക്കും ,രക്തശുദ്ധികരണത്തിനും, രക്തവർദ്ധനവിനും നല്ലതാണ് .കരപ്പൻ ,ചൊറി ,ചിരങ്ങ് ,വ്രണം തുടങ്ങിയ ഒട്ടുമിക്ക ചർമ്മരോഗങ്ങൾക്കും വിശേഷപ്പെട്ട ഔഷധമാണ് അശോകം.അശോകത്തിന്റെ പൂവ് അരച്ച് വെളിച്ചെണ്ണയിൽ കാച്ചി പതിവായി ശരീരത്തിൽ തേച്ചുകുളിച്ചാൽ ശരീരത്തിന് സ്വർണ്ണ വർണ്ണ നിറം കിട്ടുന്നതാണ് .അശോകത്തിന്റെ പൂവ് അരച്ച് ശർക്കരയും അരിമാവും ചേർത്ത് കുറുക്കി പതിവായി കഴിച്ചാൽ പ്രതിരോധശേഷി വർധിക്കുകയും രക്തശുദ്ധിയുണ്ടാകുകയും ത്വക് രോഗങ്ങൾ മാറുകയും കറുത്ത മേനി വെളുക്കുകയും ചെയ്യും .
ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും പുണ്യവൃക്ഷമാണ് അശോകം .ഹിന്ദുമത വിശ്വാസ പ്രകാരം ഒരുപാട് സവിശേഷതകളുള്ള ഒരു മരമാണ് അശോകം.പുരാണങ്ങളിൽ അശോകവൃക്ഷത്തെപ്പറ്റി പരാമർശിക്കുന്നുണ്ട് .രാമായണത്തിൽ ഹനുമാൻ സീതയെക്കണ്ടതും അശോകമരച്ചുവട്ടിലാണെന്നു പറയുന്നു .വാസ്തുശാസ്ത്രപ്രകാരം വീടിന്റെ വടക്കുവശത്ത് അശോകം നട്ടാൽ വീടിന് പോസിറ്റീവ് എനർജി കിട്ടുമെന്നാണ് വിശ്വാസം .അതേപോലെ അശോകത്തിന്റെ ഇലകൾ വീടിന്റെ മുൻവാതിലിൽ മാലപോലെ കോർത്തിട്ടാൽ വീടിന് ഐശ്വര്യമുണ്ടാകുമെന്നും വിശ്വസിക്കുന്നു .അശോകം വീട്ടുമുറ്റത്ത് നട്ടുവളർത്തി പരിപാലിച്ചാൽ ദുഖങ്ങളും വേദനകളും തുടച്ചുനീക്കുകയും സമൃദ്ധിയും പ്രശസ്‌തിയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്നുമാണ് വിശ്വാസം .