രാവിലത്തെ നടത്തം ശരീരത്തിനും മനസ്സിനും ഒരുപോലെ ഗുണകരമാണ്. ദിവസവും 30 മിനിറ്റ് നടക്കുന്നത് ജീവിതശൈലി മെച്ചപ്പെടുത്താൻ വലിയൊരു സഹായമാണ്. രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയമിടിപ്പ് സ്ഥിരതയാക്കാനും ഇത് സഹായിക്കുന്നു
ദിവസം മുഴുവൻ ഊർജം നിലനിർത്താൻ രാവിലെയുളള നടത്തം സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങളാണ് നടത്തത്തിനുള്ളത്. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഹൃദയത്തെ ശക്തിപ്പെടുത്താനും ഉപാപചയരോഗങ്ങൾ അകറ്റാനും ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. എന്നാൽ നടത്തത്തിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലത്തെ നടത്തത്തിനു മുൻപ് ശ്രദ്ധിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില കാര്യങ്ങളെ അറിയാം.
ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുക
മിക്ക ആളുകളും നടക്കാൻ പോകുന്നതിനു മുൻപ് വെള്ളം കുടിക്കാറില്ല. ദാഹം തോന്നാത്തതു കൊണ്ടോ ശരീരത്തിൽ ജലാംശം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയാത്തതു കൊണ്ടോ ആവാം ഇവർ വെള്ളം കുടിക്കാത്തത്. വ്യായാമം ചെയ്യും മുൻപ് തീർച്ചയായും വെള്ളം കുടിക്കണം. ശരീരത്തിൽ ജലാംശം നിലനിർത്താനും ഇത് സഹായിക്കും. ശരീരതാപനില നിയന്ത്രിക്കാനും സന്ധികൾക്ക് അയവു വരുത്താനും പേശികളിലേക്ക് ഓക്സിജൻ എത്തിക്കാനും പോഷകങ്ങളെ വഹിക്കാനും എല്ലാം ഇത് സഹായിക്കും. വെള്ളം കുടിച്ചില്ലെങ്കിൽ നടക്കുമ്പോൾ ക്ഷീണം, വേദന, തലകറക്കം ഇവയുണ്ടാകും. പത്തു മുതൽ നൂറ്റമ്പതു മിനിറ്റു വരെ നടക്കുന്നതിനു മുൻപ് ഏതാണ്ട് 100ml 200 ml വരെ വെളളം കുടിക്കണം.
വെറും വയറ്റിൽ നടത്തം
കൂടുതൽ കൊഴുപ്പ് കത്തിക്കാൻ സഹായിക്കും എന്നതിനാൽ കാർഡിയോ വെറുംവയറ്റിൽ ചെയ്യണമെന്ന് മിക്കവരും കരുതുന്നു. ചിലരുടെ കാര്യത്തിൽ ഇത് ശരിയായിരിക്കാമെന്നും എല്ലാവർക്കും ഇത് പ്രയോജനപ്പെടില്ലെന്നും വിദഗ്ധർ പറയുന്നു. ഉണർന്നെണീക്കുമ്പോൾ തന്നെ വിശപ്പ്, തലകറക്കം തുടങ്ങിയവ ഉള്ളവർക്ക് വെറും വയറ്റിൽ നടന്നാൽ ആരോഗ്യത്തിന് ദോഷകരമാവും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതു കൊണ്ട് ക്ഷീണവും നടക്കുന്നതിനിടയിൽ തലകറക്കവും വരാം. നടക്കുന്നതിനു മുൻപ് ഒരു വാഴപ്പഴമോ ഒരുപിടി നട്സോ ഫ്രഷ് ഫ്രൂട്ട് സ്മൂത്തിയോ കഴിക്കാം.
വാംഅപ് ചെയ്യാറില്ല
വിശദമായി വ്യായാമം ചെയ്യാൻ രാവിലെ മിക്കവർക്കും സമയം ഉണ്ടാവില്ല. രാവിലെ നടക്കാനിറങ്ങും മുൻപ് വാംഅപ് ചെയ്തില്ലെങ്കിൽ അത് ശരീരത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കും. രാത്രിയിലെ ഉറക്കത്തിനുശേഷം രാവിലെ ഉണർന്നെണീക്കുമ്പോൾ വാംഅപ് ചെയ്തില്ലെങ്കിൽ അത് മുട്ടുകളെയും ഇടുപ്പുകളെയും ബാധിക്കും. നടുവിന് പ്രശ്നങ്ങൾ ഉണ്ടാകും. ദിവസവും 4–5 മിനിറ്റ് വാം അപ് ചെയ്യാം.
കാപ്പി കുടിക്കുന്ന ശീലം
രാവിലെ ഒരു കാപ്പി കുടിക്കുന്ന ശീലം ഉള്ളവരാണ് പലരും. എന്നാൽ നടക്കാൻ പോകുന്നുണ്ടെങ്കിൽ ഈ ശീലം ഒഴിവാക്കാം. നടക്കുന്നതിനു മുൻപ് കഫീൻ ഉള്ളിലെത്തുന്നത് പാർശ്വഫലങ്ങളുണ്ടാക്കും. കഫീൻ ഡൈയൂററ്റിക് ആയതിനാലാണിത്. അതായത് ശരീരത്തിൽ നിന്നും ജലാംശം വലിച്ചെടുക്കുകയും വേഗത്തിൽ നിർജലീകരണം സംഭവിക്കുകയും ചെയ്യും. വെറുംവയറ്റിൽ കാപ്പി കുടിക്കുന്നത് അസിഡിറ്റി, ദഹനക്കേട് ഇവയ്ക്ക് കാരണമാകുകയും ചെയ്യും.
ബാത്ത്റൂമിൽ പോകാത്തത്
നടക്കാനിറങ്ങും മുൻപ് തിരക്കിൽ ബാത്ത്റൂമിൽ പോകുന്നശീലം ഒഴിവാക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. മൂത്രസഞ്ചി നിറഞ്ഞിരിക്കുന്നതും മൂത്രം പിടിച്ചുവയ്ക്കുന്നതും പിന്നീട് മൂത്രനാളിയിൽ അണുബാധ (UTI)യ്ക്കും വരെ കാരണമാകും.