തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ തുടങ്ങി ഒരു പിടി നല്ല സിനിമകളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ്
നിമിഷ സജയന്‍. അന്യഭാഷകളിൽ കൈനിറയെ ചിത്രങ്ങൾ നടിക്കുണ്ട്. ഇപ്പോഴിതാ താരം നിറത്തിന്റെ പേരില്‍ നേരിട്ട ദുരനുഭവം പങ്കുവെയ്ക്കുകയാണ്.
നടിയാകണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു ചിരിച്ചുവെന്നാണ് നിമിഷ സജയന്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിമിഷയുടെ തുറന്ന് പറച്ചില്‍. സ്‌കൂളില്‍ പഠിക്കുന്ന സമയത്തുണ്ടായ അനുഭവമാണ് താരം വെളിപ്പെടുത്തിയത്.
തന്റെ സിനിമാ മോഹത്തിന് കുടുംബം എന്നും പിന്തുണയോടെ കൂടെ നിന്നിരുന്നു. എന്നാല്‍ ഇരുണ്ട നിറം കാരണം തനിക്ക് കളിയാക്കലുകള്‍ നേരിടേണ്ടി വന്നുവെന്നാണ് നിമിഷ പറയുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് തനിക്ക് നടിയാകാന്‍ സാധിക്കുമെന്ന് ബോധ്യപ്പെടുന്നതെന്നും താരം പറയുന്നു.
”എന്റെ കുടുംബം എല്ലായിപ്പോഴും പിന്തുണച്ചിരുന്നു. അക്കാര്യത്തില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. എന്ത് സംഭവിച്ചാലും അവര്‍ കൂടെയുണ്ട്. അമ്മ എല്ലാവര്‍ക്കും കണക്ട് ചെയ്യാന്‍ സാധിക്കുന്നൊരു ഇമോഷന്‍ ആണ്. ജീവിതത്തില്‍ പല ഉയര്‍ച്ച താഴ്ചകളുമുണ്ടാകും. ആ സമയം ആരെങ്കിലും അരികില്‍ വേണമെന്ന് തോന്നും. അപ്പോഴൊക്കെ ഞാന്‍ അമ്മയുടെ അടുത്തേക്ക് ഓടിച്ചെല്ലും. അമ്മ എന്നും എന്റെ കൂടെ നിന്നിട്ടുണ്ട്. ഞാന്‍ ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍, നടിയെന്ന നിലയിലും വ്യക്തിയെന്ന നിലയിലും, അതിന്റെ ക്രെഡിറ്റ് അമ്മയ്ക്കുള്ളതാണ്. പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ നടി ആകണം എന്ന് പറഞ്ഞപ്പോള്‍ അമ്മ കൂടെ നിന്നു, എന്റെ കുടുംബം മുഴുവന്‍ കൂടെ നിന്നു.” നിമിഷ പറയുന്നു.
”ഞാനിത് മുമ്പ് എവിടേയും പറഞ്ഞിട്ടില്ല. പ്ലസ് ടുവില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ആരാകണം എന്ന് ചോദിച്ചു. നടിയാകണം എന്ന് ഞാന്‍ പറഞ്ഞു. പിന്നില്‍ നിന്നും ആളുകള്‍ ചിരിക്കുന്നത് എനിക്ക് കേള്‍ക്കാം. കാരണം ഞാന്‍ ഇരുണ്ട നിറമാണ്, കണ്‍വെന്‍ഷണല്‍ ബ്യൂട്ടിയോ ഹീറോയിന്‍ മെറ്റീരിയലോ അല്ല. ആ സമയത്ത് നായികയെന്നാല്‍ വെളുത്തിരിക്കണം” എന്നാണ് നിമിഷ പറയുന്നത്.
”തൊണ്ടിമുതലും ദൃക്‌സാക്ഷിയും ചെയ്തപ്പോള്‍ ഒരുപാട് സ്‌നേഹം ലഭിച്ചു. അത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സന്തോഷം തോന്നി, എനിക്കുമൊരു നടിയാകാന്‍ സാധിക്കുമെന്ന് തോന്നി. അതിന് ശേഷമാണ് മാറ്റമുണ്ടാകുന്നത്. ഇപ്പോള്‍ എന്റെ കഥാപാത്രം റിലേറ്റബിള്‍ ആണെങ്കില്‍ നല്ല കഥയാണെങ്കില്‍ വലിയ സ്റ്റാറുകളൊന്നും വേണ്ട സിനിമ വിജയിക്കാന്‍ എന്ന് മനസിലായി. നല്ല കഥയും തിരക്കഥയും സംവിധാനവും മതി. ഇന്ന് ആളുകള്‍ വന്ന് ഞങ്ങളുടെ വീട്ടിലെ കുട്ടിയെ പോലെയുണ്ട് എന്ന് പറയുമ്പോള്‍. അത് മതി എനിക്ക് എന്ന് തോന്നാറുണ്ട്. ” എന്നും നിമിഷ പറയുന്നു.