ടെഹ്റാൻ: ഇറാനും ഇസ്രയേലും തമ്മിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിലായതോടെ പശ്ചിമമേഷ്യയിലെ സ്ഥിതി സാധാരണ നിലയിലേക്ക്. ഇന്നലെ രാത്രി ഇരു രാജ്യങ്ങളും പരസ്പരം ആക്രമിച്ചില്ല. ഇറാൻ വ്യോമപാത ഉടൻ തുറന്നേക്കുമെന്നാണ് റിപ്പോർട്ട്. സംഘർഷത്തിന് ശേഷം ആദ്യമായാണ് ഇറാൻ വ്യോമപാത തുറക്കുന്നത്. ഖത്തറിൽ ഇന്നലെ ജിസിസി രാഷ്ട്രങ്ങളുടെ യോഗം ചേർന്നു. നിലവിലെ സാഹചര്യം അറബ് രാഷ്ട്രങ്ങൾ വിലയിരുത്തി. 12 ദിവസത്തെ യുദ്ധം അവസാനിച്ചതായി ഇറാൻ പ്രസിഡന്റിന്റെ പ്രഖ്യാപനം വന്നതോടെ ടെഹറാനിൽ വൻ ആഘോഷ പ്രകടനം നടന്നു. ആയത്തുള്ള ഖംനഇയുടെ ചിത്രങ്ങളുമായി ജനം തെരുവിലിറങ്ങി.
ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടായ നിർണായക ഘട്ടത്തിൽ നമ്മൾ ഒരു സിംഹത്തെ പോലെ ഉയർന്നെണീറ്റു. നമ്മുടെ ഗർജ്ജനം ടെഹ്റാനെ പിടിച്ചു കുലുക്കി. വൈറ്റ്ഹൗസിൽ ഇതുവരെ, ട്രംപിനോളം നല്ലൊരു സുഹൃത്ത് തനിക്ക് വേറെ ഉണ്ടായിട്ടില്ല. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാൻ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കയ്ക്കും നന്ദിയെന്ന് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
ഇറാനിൽ ഭരണമാറ്റം ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വ്യക്തമാക്കി. നാറ്റോ ഉച്ചകോടിക്കായി പോകുന്നതിനിടെ വിമാനത്തിൽ വച്ചായിരുന്നു ട്രംപിന്റെ പ്രതികരണം. വെടിനിർത്തൽ നിലവിൽ വന്നതോടെ ഇറാനുമായി കൂടുതൽ ചർച്ചയ്ക്ക് ഒരുങ്ങുകയാണ് അന്താരാഷ്ട്ര ആണവോർജ്ജ സമിതി. വ്യോമപാത അടച്ചതിനെ തുടർന്ന് നിർത്തിയ സർവ്വീസുകൾ പുനസ്ഥാപിച്ച് തുടങ്ങിയെങ്കിലും അപ്രതീക്ഷിത തടസ്സങ്ങൾ 2 ദിവസത്തേക്ക് കൂടി തുടരുമെന്ന് ഖത്തർ എയർവേസ് അറിയിച്ചു.