തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിലെ തോൽവി ആഴത്തിൽ പഠിക്കാൻ സിപിഐ. ഫലം വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ നേതൃത്വത്തിന് നിർദേശം. ഭരണവിരുദ്ധ വികാരം ഉണ്ടായോ എന്നതിലും സിപിഐയ്ക്ക് ആശയക്കുഴപ്പമുണ്ട്. ഭരണ വിരുദ്ധ വികാരം ജനവിധിയിൽ പ്രതിഫലിച്ചിട്ടില്ലെന്നും പാർട്ടി അടിത്തറക്ക് കോട്ടമില്ലെന്നുമാണ് പൊതു വിലയിരുത്തലെങ്കിലും സ്വാധീന കേന്ദ്രങ്ങളിലെ വോട്ട് ചോർച്ചക്ക് ഉത്തരം കണ്ടെത്തേണ്ടിവരും.
ഭരണവിരുദ്ധ വികാരം ശക്തമായിരുന്നുവെങ്കിൽ യുഡിഎഫിന് കൂടുതൽ വോട്ട് ലഭിക്കേണ്ടതായിരുന്നു. പി.വി. അൻവറിലേക്ക് വോട്ട് പോയത് ഭരണവിരുദ്ധതയുടെ ഭാഗമായതാണോ എന്നതും പരിശോധിക്കണമെന്നും നിർദേശം. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് ഈ ആവശ്യം ഉയർന്നത്.
അതേസമയം സി.പി.ഐ. എം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നാളെ സംസ്ഥാന സമിതിയോഗവും തിരുവനന്തപുരത്ത് ചേരും. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലത്തിൻെറ അവലോകനമാണ് യോഗത്തിൻെറ മുഖ്യ അജണ്ട. തദ്ദേശ തെരഞ്ഞെടുപ്പിനൊരുങ്ങാൻ മാർഗ്ഗരേഖയുമായി കഴിഞ്ഞ ദിവസം പ്രവർത്തക യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന നേതൃയോഗങ്ങൾ നടക്കുന്നത്.