കൊച്ചി: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന് പ്രദർശന അനുമതി നിഷേധിച്ചതിനെതിരെ അണിയറ പ്രവർത്തകർ നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കും. പേരുമാറ്റം നിർദേശിച്ചതിന്റെ കാരണം സെൻസർ ബോർഡ് വ്യക്തമാക്കണമെന്ന് ആവശ്യം. ജസ്റ്റിസ് നഗരേഷിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുക. നാളെ മുംബൈയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി ചിത്രം കാണും. ശേഷം അനുകൂല തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.
സിനിമയ്ക്ക് സർട്ടിഫിക്കറ്റ് നൽകാത്തതിന്റെ കാരണം സെൻസർ ബോർഡ് ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും ജാനകി എന്ന പേര് മാറ്റാൻ വാക്കാൽ ആവശ്യപ്പെട്ടു എന്നുമാണ് അണിയറ പ്രവർത്തകർ പറയുന്നത്. നിലവിൽ പേരുമാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നുമാണ് സിനിമാ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വെള്ളിയാഴ്ച്ച തിയേറ്ററുകളിൽ എത്തേണ്ട ചിത്രത്തിനാണ് കേന്ദ്ര സെൻസർ ബോർഡ് പ്രദർശനാനുമായി നിഷേധിച്ചത്. മലയാളത്തിൽ ഉൾപ്പെടെ മൂന്ന് ഭാഷകളിലായി ഇറങ്ങുന്ന ചിത്രത്തിൽ 96 ഇടങ്ങളിൽ ആണ് ജാനകി എന്ന പേര് പരാമർശിക്കുന്നത്. ഇത് മാറ്റുക എന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്ന് സിനിമയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കിരൺ രാജ് പറഞ്ഞു.