നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിനായി മുവായിരത്തോളം വീടുകള്‍ കയറിയിറങ്ങി പ്രചാരണം നടത്തിയ ചാണ്ടി ഉമ്മന്‍ എംഎല്‍എയെ പ്രശംസിച്ച് കരുനാഗപ്പളളി എംഎല്‍എ സിആര്‍ മഹേഷ്. നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ മഴയത്തും വെയിലത്തും നനഞ്ഞും വിയര്‍ത്തും നടന്നും ഓടിയും ചാണ്ടി ഉമ്മന്‍ ജനമനസുകള്‍ കീഴടക്കി പ്രചാരണത്തിന് നേതൃത്വം കൊടുത്തെന്നും ചാണ്ടിയിലൂടെ ജനകീയനായ ഉമ്മന്‍ചാണ്ടിയെ ജനം കണ്ടെന്നും സിആര്‍ മഹേഷ് എംഎല്‍എ പറഞ്ഞു.
കുറിപ്പില്‍ നിന്നും…
‘വോട്ടുകള്‍ ഇരിക്കുന്ന ഇടം വീടുകളാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളിലെ ഏറ്റവും പ്രധാനവും കഠിനവുമായ ജോലി വീടുകേറ്റമാണ്. കയ്യാലകളും മതിലുകളും കയറ്റവും ഇറക്കവും മഴയും വെയിലും വീട് കയറ്റത്തിന്റെ കാഠിന്യമേറ്റും.
എംഎല്‍എ എന്ന നിലയ്ക്ക് ചാണ്ടി ഉമ്മന്റെ പ്രവര്‍ത്തനത്തിന്റെ തുടക്കത്തില്‍ ചില നേതാക്കള്‍ക്കുപോലും നീരസവും പരിഭവവും ഉണ്ടായിരുന്നു. പലരും നേരിട്ടും അല്ലാതെയും അത് പ്രകടിപ്പിച്ചിട്ടുമുണ്ട്. ആ ധാരണകളെല്ലാം തിരുത്തിക്കുറിച്ച് ആയിരക്കണക്കിന് ഭവനങ്ങള്‍ സന്ദര്‍ശിച്ച് നിലമ്പൂരിലെ തെരഞ്ഞെടുപ്പില്‍ മഴയത്തും വെയിലത്തും നനഞ്ഞും വിയര്‍ത്തും നടന്നും ഓടിയും ജനമനസുകള്‍ കീഴടക്കി ചാണ്ടി ഉമ്മന്‍ പ്രചാരണത്തിന് നേതൃത്വം കൊടുത്തു. വിയര്‍ത്തുകൊണ്ട് വീടുകള്‍ കയറിയിറങ്ങിയ പ്രിയപ്പെട്ട സഹോദരന് അഭിവാദ്യങ്ങള്‍’ എന്നായിരുന്നു സിആര്‍ മഹേഷ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.
നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ എടക്കര പഞ്ചായത്തിന്റെ പ്രചാരണ ചുമതലയാണ് പാര്‍ട്ടി ചാണ്ടി ഉമ്മനെ ഏല്‍പ്പിച്ചത്. ജനങ്ങളോടും അടിത്തട്ടിലുളള പാര്‍ട്ടി പ്രവര്‍ത്തകരോടും സംവദിക്കാന്‍ ഗൃഹസന്ദര്‍ശനമാണ് ചാണ്ടി ഉമ്മന്‍ തെരഞ്ഞെടുത്തത്.
content highlight: Nilambur byelection Chandy Oommen