ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേടിൽ ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉള്ളതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.
കേസിലെ പ്രതികളായ മൂന്ന് വനിതാജീവനക്കാരുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്ന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാപനത്തിലെ ജീവനക്കാരുടെ മുൻകൂർ ജാമ്യഹർജിയിൽ കോടതി ഇന്ന് വിധിപറയും.
ജീവനക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ജീവനക്കാർ അന്വേഷണവുമായി ഒരുഘട്ടത്തിലും സഹകരിക്കുന്നില്ലെന്ന് ജാമ്യഹർജിയെ എതിർത്തു നൽകിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം ഭീഷണിപ്പെടുത്തി എട്ടുലക്ഷം രൂപ വാങ്ങിയശേഷം തങ്ങളെ കൃഷ്ണകുമാറും മകൾ ദിയയും ചേർന്നു തട്ടിക്കൊണ്ടുപോയതായി ജീവനക്കാരും വാദിച്ചു.
ദിയയുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന മൂന്ന് വനിതാജീവനക്കാർ അവരുടെ ക്യുആർ കോഡ് നൽകി സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ദിയയുടെ പരാതി. ജീവനക്കാർ 68 ലക്ഷം രൂപ തട്ടിയെടുത്തതായും ദിയ പരാതിയിൽ പറഞ്ഞു.