പാലക്കാട് റെയിൽവെ കോളനി അത്താണിപറമ്പിൽ വെച്ച് മധ്യവയസ്കനെ മരിച്ചനിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. കൊല്ലപ്പെട്ട വേണുവിന്റെ സുഹൃത്താണ് പ്രതി. സംഭവത്തിൽ കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ് പറഞ്ഞു. കൊല്ലപ്പെട്ട വേണുഗോപാൽ തൻ്റെ ആക്രി വസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിലെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് രമേശ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് ആക്രി കച്ചവടക്കാരായ ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു.
ഉളി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു വേണുഗോപാലിനെ രമേശ് ആക്രമിച്ചത്. സംഭവത്തിൽ രമേഷിന്റെ അറസ്റ്റ് ഹേമാംബിക നഗർ പൊലീസ് രേഖപ്പെടുത്തുകയും ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെയായിരുന്നു മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയില്‍വെ കോളനി അത്താണിപ്പറമ്പിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ കൊലപാതകമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട് സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ വെച്ചാണ് വേണുഗോപാലിന്റെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. തലയിലും ശരീരത്തിന്റെ നിരവധി ഭാഗങ്ങളിലും പരിക്കുണ്ടായിരുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം സംസ്കരിച്ചു.