“നീണ്ട 41 വർഷങ്ങൾക്ക് ശേഷം നമ്മൾ ബഹിരാകാശത്ത് വീണ്ടുമെത്തുകയാണ്. ഇത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എന്‍റെ യാത്രയുടെ തുടക്കം മാത്രമല്ല, മറിച്ച് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ ദൗത്യങ്ങളുടെ തുടക്കം കൂടെയാണ്.” ആക്‌സിയം-4 ദൗത്യത്തിന്‍റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ച ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ലയുടെ വാക്കുകളാണിത്.കാത്തിരിപ്പിന് വിരാമമിട്ട് ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ല ഉൾപ്പെട്ട അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയോം-4 (ആക്‌സ്-4) ദൗത്യത്തിന്‍റെ വിക്ഷേപണം ഇന്ന് വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.05-നാണ് ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്നാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്.
ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമെന്ന എക്കാലത്തെയും സ്വപ്‌നത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവെയ്‌പ്പാണ് ആക്‌സിയം 4 ദൗത്യം, മാത്രമല്ല, മനുഷ്യ ബഹിരാകാശ ദൗത്യങ്ങളിലേക്കുള്ള ഇന്ത്യയുടെ അരങ്ങേറ്റവും എടുത്തുകാണിക്കുന്നതാണ് ശുഭാൻശുവിന്‍റെ യാത്ര. നാല് പതിറ്റാണ്ടുകൾക്ക് മുമ്പ് രാകേശ് ശര്‍മ ബഹിരാകാശത്ത് പോയതിന് ശേഷം രണ്ടാമതായി പോകുന്ന ഇന്ത്യക്കാരനായിരിക്കും ശുഭാൻശു. ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യത്തെ ഇന്ത്യക്കാരനും ശുഭാൻശു തന്നെ.
ആക്‌സിയം സ്പേസ്’ എന്ന സ്വകാര്യ കമ്പനി നടത്തുന്ന ബഹിരാകാശ നിലയത്തിലേക്കുള്ള നാലാമത്തെ സ്വകാര്യ ബഹിരാകാശയാത്രയെ വളരെ ആകാംക്ഷയോടെയായിരുന്നു ഇന്ത്യക്കാർ ഉറ്റുനോക്കിയത്. ഇതിന് കാരണം ശുഭാൻശു തന്നെ. നാസ, സ്‌പേസ് ഐഎസ്‌ആർഒ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന്നിവരുമായി സഹകരിച്ചാണ് ആക്‌സിയം സ്പേസ് സർക്കാർ പിന്തുണയോടെ ആക്‌സ്-4 ദൗത്യം നടത്തുന്നത്. ആക്‌സിയം-4 ദൗത്യത്തിന്‍റെ ലോഞ്ച് വിജയകരമായി പൂർത്തിയാക്കാനായതോടെ ഇന്ത്യന്‍ ജനതയുടെ പ്രതീക്ഷകള്‍ക്ക് ചിറക് വിരിയിക്കുകയാണ് ശുഭാൻശു.
ഉത്തർപ്രദേശ് സ്വദേശിയാണ് ശുഭാൻശു ശുക്ല. 1985 ഒക്ടോബർ 10ന് ലഖ്‌നൗവിലാണ് ജനനം. ഇന്ത്യൻ വ്യോമസേനയുടെ (IAF) ഗ്രൂപ്പ് ക്യാപ്റ്റനായി സേവനമനുഷ്‌ഠിക്കുകയാണ് അദ്ദേഹം. ഇദ്ദേഹമാണ് ആക്‌സ്-4 ദൗത്യത്തിലെ പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലേക്കും അദ്ദേഹത്തെ തെരഞ്ഞെടുത്തിട്ടുണ്ട്.ശുഭാൻശു ശുക്ലയ്‌ക്ക് 2,000 മണിക്കൂറിലധികം വ്യോമമാർഗം സഞ്ചരിച്ച പരിചയസമ്പത്തുണ്ട്. കൂടാതെ നിരവധി വിമാനങ്ങളും അദ്ദേഹം പറത്തിയിട്ടുണ്ട്.
ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻശു ശുക്ലയോടൊപ്പം നാസയുടെ മുൻനിര ബഹിരാകാശ സഞ്ചാരികളിൽ ഒരാളായ പെഗ്ഗി വിറ്റ്സൺ, പോളണ്ടിൽനിന്നുള്ള സ്ലാവോസ് വിസ്നീവ്സ്കി, ഹംഗറിയുടെ ടിബോർ കാപു എന്നിവരും ബഹിരാകാശത്തേക്ക് പുറപ്പെട്ടു. ആക്‌സിയം സ്‌പേസ് ഇങ്ക്, നാഷണൽ എയറോനോട്ടിക്‌സ് ആൻഡ് സ്‌പേസ് അഡ്മിനിസ്ട്രേഷൻ (നാസ), ഇന്ത്യൻ സ്‌പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐഎസ്‌ആർഒ) എന്നിവർ സംയുക്തമായാണ് ആക്സിയം -4 ബഹിരാകാശ ദൗത്യം നടത്തുന്നത്.ഈ സംഘം 14 ദിവസം പരീക്ഷണനിരീക്ഷണങ്ങളുമായി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐഎസ്എസ്) കഴിയും.നാളെ വൈകിട്ടോടെയാവും സംഘം ബഹികാരാശ നിലയത്തിൽ എത്തിചേരുന്നത്. 28 മണിക്കൂർ വേണം സംഘത്തിന് ബഹിരാകാശ നിലയത്തിലെത്താൻ. ദൗത്യം ലക്ഷ്യം നേടുന്നതോടെ രാജ്യാന്താര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും ശുഭാൻഷു.വിവിധ പരീക്ഷണങ്ങളിലും ഗവേഷണങ്ങളിലും സംഘം ഭാഗമാകും. ബഹിരാകാശ നിലയത്തിൽ 60 ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തും. സൂക്ഷ്മ ആൽഗകളുടെയും സയനോബാക്ടീരിയകളുടേയും വളർച്ചയും മൈക്രോ ഗ്രാവിറ്റിയിൽ പേശികളുടെ പുനരുജ്ജീവനവും പഠിക്കും. ഭാവിയിലെ ബഹിരാകാശ ഭക്ഷ്യ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ധാന്യങ്ങൾ മുളപ്പിക്കും.
സാങ്കേതിക പ്രശ്നം കാരണം ഏഴ് വട്ടം മാറ്റി വെച്ച ദൗത്യമാണ് ആക്സിയം- 4. ഐഎസ്ആർഒക്കായി ഏഴ് പരീക്ഷണങ്ങൾ ശുഭാൻഷു ശുക്ല പ്രത്യേകമായി ചെയ്യും. ശുഭാൻഷു ബഹിരാകാശയാത്ര ഇന്ത്യയുടെ ഗഗൻയാൻ പദ്ധതിക്ക് കൂടുതൽ കരുത്ത് പകരും. മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട നാലുപേരിൽ ഒരാളാണ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല. ഈ ദൗത്യത്തിനായി ഇന്ത്യ ഇതുവരെ കുറഞ്ഞത് 548 കോടി രൂപ ചെലവഴിച്ചു. ഇതിൽ ശുഭാൻഷു ശുക്ലയുടെയും അദ്ദേഹത്തിന്റെ ബാക്കപ്പ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരുടെയും വിക്ഷേപണവും പരിശീലനവും ഉൾപ്പെടുന്നു. പ്രശാന്ത് നായരും ഗഗൻയാൻ പ്രോഗ്രാമിന്റെ ഭാഗമാണ്. ശുഭാൻഷുവിന് സ്പേസ് എക്സും ആക്സിയം സ്പേസും പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. ബഹിരാകാശ സഞ്ചാര ചരിത്രത്തിൽ പുതിയ ഒരധ്യായം കുറിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ആക്‌സിയം 4 മിഷൻ. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ ബഹിരാകാശയാത്രികനെ ബഹിരാകാശത്തേക്ക് അയയ്ക്കുന്നതിനൊപ്പം,പോളണ്ടും ഹംഗറിയും 40 വർഷത്തിനുശേഷം മനുഷ്യബഹിരാകാശ യാത്രയിലേയ്ക്ക് തിരികെയെത്തുന്നു എന്ന വലിയ പ്രത്യേകതയും ഈ മിഷനുണ്ട്. നാസ , സ്പേസ് എക്സ് , ഇസ്രോ എന്നിവർ സംയുക്തമായി സഹകരിച്ചാണ് ഈ ദൗത്യം നടത്തുന്നത്.
ഇന്ത്യയെ സംബന്ധിച്ച് ഏറെ നിർണായകമാണ് ഈ ദൗത്യം. കാരണം ഐഎസ്ആർഒയുടെ ഗഗൻയാൻ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ട ഐഎസ്ആർഒയുടെ നാല് ബഹിരാകാശ യാത്രികരിൽ ഒരാളാണ് ശുഭാൻഷു. അതുകൊണ്ട് തന്നെ ശുഭാൻഷുവിന്റെ ബഹിരാകാശ നിലയത്തിലേക്കുള്ള ഈ യാത്രയെ ഇന്ത്യ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്