നാല് പതിറ്റാണ്ടുകള്‍ക്കിപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോള്‍ മലയാളിക്കും ഇത് അഭിമാന മുഹൂര്‍ത്തം. പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീര്‍ വയലില്‍ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ ‘സ്യൂട്ട് റൈഡിനും (Suite Ride) ദൗത്യത്തോടൊപ്പം തുടക്കം കുറിക്കും.ഡോ. ഷംഷീര്‍ സ്ഥാപകനും ചെയര്‍മാനുമായ ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ആക്‌സിയം സ്‌പേസുമായി ചേര്‍ന്ന് വികസിപ്പിച്ച പദ്ധതി ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്റെ പരിമിതികളെ മറികടക്കുന്നതിനുള്ള മൈക്രോഗ്രാവിറ്റിയിലെ അത്യാധുനിക ഗവേഷണത്തിനാണ് വഴിയൊരുക്കുന്നത്. നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണം ബഹിരാകാശ ദൗത്യത്തിന് നിലവില്‍ പ്രമേഹ ബാധിതര്‍ക്കുള്ള നിയന്ത്രങ്ങള്‍ നീക്കുന്നതിന് വഴിയൊരുക്കും. ഇതോടൊപ്പം, ഭൂമിയില്‍ പ്രമേഹം ഉള്‍പ്പടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയില്‍ സുപ്രധാന മാറ്റങ്ങള്‍ കൊണ്ട് വരും.

ശുഭാന്‍ശു അടങ്ങുന്ന ദൗത്യസംഘം 14 ദിവസങ്ങള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ തങ്ങും. ദൗത്യത്തിലുടനീളം മൈക്രോഗ്രാവിറ്റിയില്‍ ശരീരത്തിലെ ഗ്‌ളൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്ദ്ധ മെഡിക്കല്‍ സംഘം പഠിക്കും. ‘ഇതൊരു അഭിമാന മുഹൂര്‍ത്തമാണ്. പ്രമേഹം പോലുള്ള അവസ്ഥ നമ്മുടെ സ്വപ്നങ്ങള്‍ക്ക് തടസ്സമാകരുതെന്നുള്ള വിശ്വാസത്തില്‍ നിന്നാണ് സ്വീറ്റ് റൈഡ് എന്ന ആശയം പിറക്കുന്നത്. ശാസ്ത്രം വളരുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും വളരണം. ഈ പഠനത്തില്‍ നിന്നുള്ള കണ്ടെത്തലുകള്‍ ഭാവിയിലെ ബഹിരാകാശ യാത്രികര്‍ക്ക് മാത്രമല്ല ഭൂമിയിലെ രോഗികള്‍ക്കും പ്രയോജനപ്പെടാനുള്ള സാധ്യതയേറെയാണ്,’ കെന്നഡി സ്‌പേസ് സെന്ററില്‍ നടന്ന വിജയകരമായ വിക്ഷേപണത്തിന് ശേഷം ഡോ. ഷംഷീര്‍ പറഞ്ഞു.
മൈക്രോഗ്രാവിറ്റിയില്‍ നിന്ന് ഗ്രാവിറ്റിയിലേക്ക്
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ 18 വയസ്സിന് മുകളിലുള്ള 77 മില്യണ്‍ ആളുകള്‍ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. സമീപ ഭാവിയില്‍ പ്രമേഹ രോഗികളാകാന്‍ സാധ്യത ഉള്ളവരില്‍ ഏകദേശം 25മില്യണ്‍പേര്‍ ഉള്‍പ്പെടുന്നു. അതിനാല്‍ തന്നെ സ്വീറ്റ് റൈഡിന്റെ പ്രാധാന്യമേറെയാണ്.
ഗവേഷണത്തിന്റെ ഭാഗമായി, പ്രമേഹ രോഗികളില്‍ ഗ്‌ളൂക്കോസ് ലെവല്‍ കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന കണ്ടിന്യുസ് ഗ്‌ളൂക്കോസ് മോണിറ്ററുകളുടെ (Continuous Glucose Monitor) കൃത്യത സമഗ്രമായ പ്രീഫ്‌ലൈറ്റ്, ഇന്‍ഫ്‌ലൈറ്റ്, പോസ്റ്റ്ഫ്‌ലൈറ്റ് പ്രോട്ടോകോളുകളിലൂടെ മൈക്രോഗ്രാവിറ്റിയില്‍ പരീക്ഷിക്കും. ഒന്നോ അതിലധികമോ ബഹിരാകാശ യാത്രികര്‍ മിഷനിലുടനീളം ഇത് ധരിക്കും. ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ആക്‌സിയത്തിന്റെയും ബുര്‍ജീലിന്റെയും വിദഗ്ധര്‍ വിശകലനം ചെയ്യും. ഈ പഠനത്തിലൂടെ ഭാവിയില്‍ ഇന്‍സുലിന്‍ ഉപയോഗിക്കുന്ന ബഹിരാകാശ യാത്രികരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കും, ബുര്‍ജീലിന്റെ സ്വീറ്റ് റൈഡ് ക്ലിനിക്കല്‍ ലീഡ് ഡോ. മുഹമ്മദ് ഫിത്യാന്‍ പറഞ്ഞു. മെറ്റബോളിക് രോഗങ്ങളുടെ ചികിത്സയില്‍ വിദഗ്ധനായ ഫിത്യാന്‍ ഉള്‍പ്പെടുന്ന ടീമാണ് തത്സമയം ഭൂമിയില്‍ വിവരങ്ങള്‍ വിശകലനം ചെയ്യുന്നത്.
ഗ്ലൂക്കോസിന്റെ അളവ് തിട്ടപ്പെടുത്തുന്നതിനായി യാത്ര സമയത്ത് പോയിന്റ്ഓഫ്‌കെയര്‍ രക്ത സാമ്പിളുകള്‍ ശേഖരിക്കും. ഇതിനായുള്ള ലാന്‍സെറ്റുകള്‍, സൂചികള്‍, ബ്ലഡ് ഗ്ലൂക്കോസ് മെഷീനുകള്‍ (i-STAT) എന്നിവ ബുര്‍ജീലാണ് നല്‍കിയിരിക്കുന്നത്.
എന്ത് കൊണ്ട് മൈക്രോഗ്രാവിറ്റി?
ഭൂമിയില്‍ മനുഷ്യ ശരീരത്തെ ബാധിക്കുന്ന ഗുരുത്വാകര്‍ഷണ ബലം പോലുള്ള ശക്തികളെ മാറ്റി നിര്‍ത്തിയുള്ള ഒരു സവിശേഷ അന്തരീക്ഷം നല്‍കുന്നു എന്നതാണ് മൈക്രോഗ്രാവിറ്റിയുടെ പ്രത്യേകത. ‘മസില്‍ മാസ്, ഫ്‌ലൂയിഡ് ഡിസ്ട്രിബൂഷന്‍, സിര്‍ക്കാഡിയന്‍ റിഥം എന്നിവയിലെ മാറ്റങ്ങള്‍ ഗ്ലൂക്കോസ് മെറ്റബോളിസവും ഇന്‍സുലിന്‍ സംവേദനക്ഷമതയും കണ്ടെത്തുന്നതിനായി ഒരു പുതിയ അന്തരീക്ഷം നല്‍കുന്നു. ഇതിലൂടെ, പ്രമേഹ പരിചരണത്തില്‍ നിര്‍ണായക മാറ്റങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ഗ്‌ളൂക്കോസ് മോണിറ്റര്‍ ചെയ്യുന്നതിനുള്ള സാങ്കേതികവിദ്യ, വ്യക്തിഗത പരിചരണത്തിനായി എഐ അധിഷ്ഠിത പ്രെഡിക്റ്റിവ് മോഡല്‍, വിദൂര മേഖലകളിലെ രോഗികള്‍ക്കായി ടെലി ഹെല്‍ത്ത് എന്നിവ ഭാവിയില്‍ വികസിപ്പിക്കാനും ഇതില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിലൂടെ സാധിക്കും,’ ഡോ. ഫിത്യാന്‍ പറഞ്ഞു.
നിലവില്‍, പ്രമേഹരോഗികള്‍ ബഹിരാകാശ യാത്രയില്‍ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നില്‍ക്കുന്നത് മെഡിക്കല്‍, ലോജിസ്റ്റിക് വെല്ലുവിളികളാണ്. സ്വീറ്റ് റൈഡിലൂടെ മൈക്രോഗ്രാവിറ്റിയില്‍ പ്രമേഹമില്ലാത്ത വ്യക്തികളില്‍ ഗ്ലൂക്കോസ് നിയന്ത്രണം എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നത് പ്രമേഹമുള്ളവരില്‍ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ്. ഭാവി ദൗത്യങ്ങളില്‍ പ്രമേഹമുള്ളവര്‍ക്കും ഇതിലൂടെ ബഹിരാകാശ യാത്ര സാധ്യമാകും.
നാസയുടെ മുതിര്‍ന്ന ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്‌സണ്‍ (കമാന്‍ഡര്‍), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് മറ്റ് അംഗങ്ങള്‍. ദൗത്യത്തിന്റെ ഭാഗമായി 31 രാജ്യങ്ങളില്‍ നിന്നുള്ള 60 ലധികം പരീക്ഷണങ്ങള്‍ നടത്തും.