പത്തനംതിട്ട: വെളിച്ചെണ്ണ വില റെക്കോർഡിലേക്ക് കടക്കുമ്പോൾ വിപണി കയ്യടക്കി വ്യാജൻ ഒഴുകുന്നു. തേങ്ങയുടെ ലഭ്യതക്കുറവും വിതരണവും കുറഞ്ഞതോടെ ഒരു കിലോ വെളിച്ചെണ്ണക്ക് 420 രൂപ വരെ ആണ് ഉയർന്നിരിക്കുന്നത്. ലിറ്ററിന് 360 രൂപയായിരുന്നു അടുത്ത സമയത്ത് ഉണ്ടായിരുന്നത്.
നിലവിലെ സ്ഥിതി തുടർന്നാൽ വൈകാതെ ലിറ്റർ വില 500 രൂപയിലേക്കെത്തുമെന്നും വിലയിരുത്തപ്പെടുന്നു. വില വർധിച്ചതോടെയാണ് വിപണിയിലേക്ക് വ്യാജ വെളിച്ചെണ്ണയുടെ ഒഴുക്ക് ആരംഭിച്ചത്. തമിഴ്നാട്ടിൽനിന്നുമാണ് ഇതെത്തുന്നത്. സർക്കാറിന്റെ കേര വെളിച്ചെണ്ണയോട് സാദൃശ്യമുള്ള പേരുകളിൽ നിരവധി വ്യാജന്മാർ വിപണിയിൽ എത്തുന്നുണ്ട്. കേര വെളിച്ചെണ്ണക്കും വില വർധിച്ചത് ഉപഭോക്താക്കളെ ബാധിച്ചു.
ഒരു ലിറ്റർകേര വെളിച്ചെണ്ണക്ക് 419 രൂപയാണ്. ആറു മാസത്തിനിടെ മൂന്നുതവണ കേര വെളിച്ചെണ്ണക്ക് വിലകൂട്ടി. ഇതോടെ കുടുംബ ബജറ്റും താളം തെറ്റി. ഹോട്ടലുകളിൽ വില കുറഞ്ഞ എണ്ണയാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതും തമിഴ്നാട്ടിൽനിന്ന് എത്തുന്നുണ്ട്. തേങ്ങ വിലയും വർധിച്ചു. ഒരു കിലോ തേങ്ങക്ക് 80-82 രൂപ വരെയാണ്. അത് നാടൻ ആണെങ്കിൽ പിന്നെയും കൂടും. ജില്ലയിൽ കായംകുളം, ഹരിപ്പാട് മേഖലകളിൽനിന്നുമാണ് കൂടുതൽ തേങ്ങയെത്തുന്നത്.
കൂടാതെ തമിഴ്നാട്ടിൽനിന്നും എത്തുന്നുണ്ട്. ജില്ലയിൽ തേങ്ങ ഉൽപാദനം കുറഞ്ഞുവരുകയാണ്. രോഗങ്ങൾ ബാധിച്ച് തെങ്ങ് നശിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ കുരങ്ങൻമാർ വ്യാപകമായി തേങ്ങ നശിപ്പിക്കുന്നുണ്ട്. പല സ്ഥലങ്ങളിലും തെങ്ങിൽ പൂക്കുലയും തേങ്ങയും വെള്ളക്കയും തിന്നുനശിപ്പിക്കുകയാണ്.