ഇടുക്കി ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണം. ജല വിനോദങ്ങൾക്കും, സാഹസിക വിനോദങ്ങൾക്കും ഇന്നും നാളെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലയിലെ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ഈ ദിവസങ്ങൾ കഴിഞ്ഞും ജില്ലയിൽ ഓറഞ്ച് അലേർട്ട് തുടരുകയാണെങ്കിൽ ഈ നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
രാത്രികാലങ്ങളിൽ മലയോര മേഖലകളിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. പ്രധാനമായും നേര്യമംഗലം മുതൽ മൂന്നാർ വരെയുള്ള ഭാഗത്ത് ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് മണ്ണെടുത്ത് മാറ്റിയ പ്രദേശമായതിനാൽ ഇവിടേക്കുള്ള യാത്രകളിൽ ജാഗ്രത പുലർത്തേണ്ടതുണ്ട്.
സാഹസിക വിനോദങ്ങൾക്ക് നേരത്തെയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും അത് പ്രവർത്തിക്കുന്ന സാഹചര്യമാണ് ജില്ലയിൽ ഉണ്ടായിരുന്നത്. ഇത് പൂർണമായി ഒഴിവാക്കി ആളുകൾ സഹകരിക്കണം എന്നും ഉത്തരവിൽ പറയുന്നു.
















