കുറച്ച് നാളായി ശശി തരൂരിന്റെ ചെയ്തികളിൽ അസ്വസ്ഥരാണ് കോൺഗ്രസിലെ ചിലർ, പ്രത്യേകിച്ചും കോൺഗ്രസ് അധ്യക്ഷൻ മല്ലകാർജുൻ ഖാർഗെ.ഓപ്പറേഷൻ സിന്ദൂരിനായുള്ള സർവകക്ഷി സംഘത്തെ നയിക്കാൻ തരൂരിനെ തിരഞ്ഞെടുത്തതോടെയാണ് തരൂരും സ്വന്തം പാർട്ടിയിലെ നേതാക്കളും തമ്മിലുള്ള ഭിന്നത രൂക്ഷമായത്. കൂടാതെ പ്രധാനമന്ത്രിയെ അദ്ദേഹം ആവർത്തിച്ച് പ്രശംസിച്ചത് എരിതീയിൽ എണ്ണയൊഴിച്ചത് പോലെയായി. ശശി തരൂരിനെ പരിഹസിച്ച് ഖാർഗെ ചിലർക്ക് മോദിയാണ് ആദ്യം എന്ന് വരെ പറഞ്ഞു.ഒരു പത്രസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു, “ശശി തരൂരിന്റെ ഭാഷ വളരെ നല്ലതാണ്, അതുകൊണ്ടാണ് അദ്ദേഹത്തെ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിൽ നിലനിർത്തിയിരിക്കുന്നത്. ഗുൽബർഗയിൽ ഞാൻ പറഞ്ഞിരുന്നു, രാജ്യത്തിനുവേണ്ടി ഞങ്ങൾ ഒരുമിച്ച് നിന്നു, ഓപ്പറേഷൻ സിന്ദൂരിൽ ഞങ്ങൾ ഒരുമിച്ച് നിന്നു, ആ രാജ്യം ആദ്യം എന്ന് ഞങ്ങൾ പറഞ്ഞു, ചിലർ പറയുന്നത് മോദി ആദ്യം വരുന്നു, രാജ്യം പിന്നീട് വരുന്നു, അപ്പോൾ നമ്മൾ എന്തുചെയ്യണം?
ഈ പ്രസ്ഥാവന ഏതായാലും തരൂരിനെ ചൊടിപ്പിച്ചിരിക്കുകയാണ്.മല്ലികാർജുൻ ഖാർഗെ രൂക്ഷ വിമർശനം ഉന്നയിച്ചതിന് തൊട്ടുപിന്നാലെ,തരൂർ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.പറക്കാൻ അനുവാദം ചോദിക്കരുത്. ചിറകുകൾ നിങ്ങളുടേതാണ്, ആകാശം ആരുടേതുമല്ല’ എന്നാണ് തരൂർ എക്‌സിൽ പങ്കുവെച്ച ഉദ്ധരണി. മറ്റുള്ളവരുടെ അംഗീകാരം തേടാതെ വ്യക്തികൾ എപ്പോഴും അവരുടെ ലക്ഷ്യങ്ങൾ പിന്തുടരാൻ പ്രോത്സാഹിപ്പിക്കപ്പെടണം എന്നാണ് ഇതിനർത്ഥം. അതിനാൽ, കോൺഗ്രസ് തന്നെ ആവർത്തിച്ച് ലക്ഷ്യം വയ്ക്കുന്നു എന്നതിന്റെ സൂചനയാണ് തരൂർ ഈ വാചകത്തിലൂടെ ഉദ്ദേശിക്കുന്നത് എന്ന് വേണം കരുതാൻ. കാരണംഓപ്പറേഷൻ സിന്ദൂരിന്റെ ആഗോള വ്യാപനം ബിജെപിയിൽ ചേരാനുള്ള തന്റെ “കുതിച്ചുചാട്ടത്തിന്റെ” അടയാളമല്ലെന്നും, ദേശീയ ഐക്യത്തിന്റെയും താൽപ്പര്യത്തിന്റെയും ഇന്ത്യയ്ക്കുവേണ്ടി നിലകൊള്ളുന്നതിന്റെയും പ്രസ്താവനയാണെന്നും തരൂർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഖാർഗെയുടെ പ്രതികരണം.
യുപിഎ ഭരണകാലത്ത് നടത്തിയ സർജിക്കൽ സ്‌ട്രൈക്കുകളെ അദ്ദേഹം അവഗണിച്ചതിനും മോദി സർക്കാർ സാഹചര്യം കൈകാര്യം ചെയ്ത രീതിയെ പ്രശംസിച്ചതിനും ശേഷം, തരൂരിന്റെ പ്രസ്താവനകൾ കോൺഗ്രസ് സഹപ്രവർത്തകരിൽ നിന്ന് കടുത്ത വിമർശനത്തിന് വിധേയമായി. പക്ഷെ, വിമർശകരും ട്രോളന്മാരും തന്റെ വീക്ഷണങ്ങളെ വളച്ചൊടിച്ചതായി തരൂർ ആരോപിച്ചു,തനിക്ക് കൂടുതൽ നല്ല കാര്യങ്ങൾ ചെയ്യാനുണ്ട് എന്നായിരുന്നു പലപ്പോഴും തരൂരിന്റെ പ്രതികരണം.പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുക്കുമ്പോഴും മുതിർന്ന എംപിയായ തരൂർ മോദിയെ പ്രശംസിക്കുന്നത് തുടർന്നു. ഇത് പാർട്ടിക്കുള്ളിൽ കടുത്ത നീരസമാണുണ്ടാക്കിയത്. മോദി സർക്കാരിന്റെ വിദേശനയത്തിനെതിരെ കോൺഗ്രസ് നിരന്തരം ആക്രമണം അഴിച്ചുവിടുകയും, ഇന്ത്യൻ നയതന്ത്രം തകർന്നുകൊണ്ടിരിക്കുകയാണെന്നും, ആഗോളതലത്തിൽ രാജ്യം ഒറ്റപ്പെട്ടിരിക്കുകയാണെന്നും കോൺഗ്രസ് ആരോപിക്കുകയും ചെയ്യുന്ന സമയത്താണ് പ്രധാനമന്ത്രിയെ പ്രശംസിച്ച് തരൂർ രംഗത്തെത്തിയിരിക്കുന്നത് എന്നതും ശ്രദ്ദേയം.
















