ബജറ്റ് സ്‌മാർട്ട്‌ഫോണുകൾക്കായി തിരയുന്നവരെ ലക്ഷ്യമിട്ട് പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ടെക്‌നോ മൊബൈൽ. ടെക്നോ സ്‌പീർക്ക് ഗോ 2 എന്ന പേരിൽ പുറത്തിറക്കിയ ഫോണിന് ₹6,999 രൂപയാണ് വില. 120Hz HD+ ഡിസ്‌പ്ലേ, യൂണിസോക്ക് T7250 ചിപ്‌സെറ്റ്, 4GB റാം, 64GB സ്റ്റോറേജ്, 13MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 15W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5,000mAh ബാറ്ററി എന്നീ ഫീച്ചറുകളാണ് പ്രധാനമായും ഫോണിൽ നൽകിയിരിക്കുന്നത്.
വില കുറവാണെങ്കിലും നാല് വർഷം വരെ മികച്ച പെർഫോമൻസ് നൽകാൻ ഈ ഫോണിന് കഴിയുമെന്ന് ടെക്‌നോ പറയുന്നുണ്ട്. കൂടാതെ ടെക്നോയുടെ ഫ്രീ ലിങ്ക് ആപ്പ്, 4G കാരിയർ അഗ്രഗേഷൻ 2.0, ലിങ്ക്ബൂമിങ് V1.0 സാങ്കേതികവിദ്യകളും പുതിയ ഫോണിലുണ്ടായിരിക്കും. ഈ വില കുറഞ്ഞ സ്‌മാർട്ട്‌ഫോണിന്‍റെ വിലയും സ്‌പെസിഫിക്കേഷനുകളും പരിശോധിക്കാം.
ടെക്‌നോയുടെ പുതിയ ഫോൺ ഒരേയൊരു സ്റ്റോറേജ് വേരിയന്‍റിൽ മാത്രമേ ലഭ്യമാവൂ. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഏക വേരിയന്‍റിന് 6,999 രൂപയാണ് വില. ഇങ്ക് ബ്ലാക്ക്, വെയിൽ വൈറ്റ്, ടൈറ്റാനിയം ഗ്രേ, ടർക്കോയ്‌സ് ഗ്രീൻ എന്നിങ്ങനെ നാല് കളർ ഓപ്‌ഷനുകളിലാണ് ഇത് ലഭ്യമാവുക. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഫോൺ ലഭ്യമാവും. 2025 ജൂലൈ 1 ന് ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും വിൽപ്പന ആരംഭിക്കുക.