കാട്ടാന ആക്രമണം ഉണ്ടായ മലപ്പുറം നിലമ്പൂർ വാണിയം പുഴ കോളനിയിലേക്ക് ഫയർഫോഴ്സിന് എത്താൻ സാധിച്ചില്ല. ചാലിയാറിൽ അതിശക്തമായ കുത്തൊഴുക്കായതിനാലാണിത് . ക്രമാതീതമായി ജലനിരപ്പും ഉയരുന്നുണ്ട്. മൃതദേഹം ഇക്കരെ എത്തിക്കാൻ പോയ ഫയർഫോഴ്സിന്റെ ഡിങ്കി ബോട്ട് ഒഴുക്കിൽപ്പെട്ടു. ആറ് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനും ആണ് ബോട്ടിൽ ഉണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരെങ്കിലും തുരുത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരെ രക്ഷിക്കാൻ എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി.
നിലമ്പൂർ വാണിയമ്പുഴ ഉന്നതിയിലെ ബില്ലിയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 2019ലെ പ്രളയത്തിൽ വീട് തകർന്നതിനു ശേഷം താത്ക്കാലിക കുടിലിലാണ് ചാലിയാർ പുഴയ്ക്ക് അക്കരയുള്ള വാണിയമ്പുഴ ഉന്നതിയിൽ ബില്ലിയും കുടുംബവും താമസിക്കുന്നത്. കൂൺ പറിക്കാൻ പോയ ബില്ലിയെ വൈകിട്ട് വരെയും കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലാണ് കാട്ടാന ചവിട്ടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പരിസരത്തുതന്നെ ആന നിലയുറപ്പിച്ചിരുന്നു. പിന്നീട് പടക്കം പൊട്ടിച്ചാണ് ആനയെ അകറ്റിയത്. ബില്ലിയുടെ മൃതദേഹം നാളെ ആയിരിക്കും എത്തിക്കുക. വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
STORY HIGHLIGHT : The flow of the Chaliyar River has increased