Kerala

ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ല; ‘നിലമ്പൂരില്‍ സിപിഐഎമ്മിന്റെ വിലയിരുത്തല്‍ | CPIM on setback in Nilambur by-election M Swaraj

ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും സിപിഐഎം വിലയിരുത്തി.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വിലയിരുത്തല്‍. മണ്ഡലത്തില്‍ നല്ല രാഷ്ട്രീയ പോരാട്ടം കാഴ്ച വയ്ക്കാന്‍ സാധിച്ചുവെന്നും പാര്‍ട്ടി അനുഭാവികളുടെ വോട്ടുകളില്‍ ചിലത് പി വി അന്‍വറിന് ലഭിച്ചുവെന്നുമാണ് വിലയിരുത്തല്‍. ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം സംഭവിച്ചുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. അനുഭാവി വോട്ടുകള്‍ കുറച്ച് അന്‍വറിന് ലഭിച്ചെങ്കിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകളില്‍ വിള്ളലുണ്ടായിട്ടില്ലെന്നാണ് സിപിഐഎമ്മിന്റെ വിലയിരുത്തല്‍. ജമാഅത്തെ ഇസ്ലാമിക വര്‍ഗീയ കാര്‍ഡിറക്കി സിപിഐഎം സ്ഥാനാര്‍ഥിക്കെതിരെ പ്രചാരണം നടത്തി. ഇതുമൂലം ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമുണ്ടായി. ബിജെപിയുടെ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടിയെന്നും സിപിഐഎം വിലയിരുത്തി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചത്. അതേസമയം നിലമ്പൂരില്‍ എം സ്വരാജിന്റെ പരാജയത്തിന് പിന്നാലെ സംസ്ഥാനത്ത് ഭരണവിരുദ്ധതയുണ്ടോ എന്ന് പഠിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി പിആര്‍ഡിയെ ചുമതലപ്പെടുത്തി. സര്‍ക്കാരിന്റെ പ്രതിച്ഛായയും പഠിക്കും. സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും ഗുണഭോക്താക്കളുടെ അഭിപ്രായവും പിആര്‍ഡി ശേഖരിക്കും. പിആര്‍ഡി പ്രിസം പദ്ധതിയിലെ താത്ക്കാലിക കരാര്‍ ജീവനക്കാര്‍ക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്.

STORY HIGHLIGHT :  CPIM on setback in Nilambur by-election M Swaraj