കൊച്ചി: അറബിക്കടലിൽ തീപിടിച്ച സിംഗപ്പൂർ ചരക്കുകപ്പൽ വാൻ ഹയി 503 കപ്പലിലെ വോയേജ് ഡാറ്റാ റെക്കോഡർ (വിഡിആർ) ഇന്ന് പരിശോധിക്കും. നിലവിൽ ടി ആൻഡ് ടി സാൽവേജ് അധികൃതർ വിഡിആർ ഏറ്റുവാങ്ങിയിരുന്നു. ഇത് കൊച്ചിയിൽ എത്തിച്ചതായാണ് സൂചന. കപ്പൽ ക്യാപ്‌റ്റന്റെ നേതൃത്വത്തിലാണ് ഇത് പരിശോധിക്കുക. കപ്പലപകടത്തിന്റെ വിശദവിവരങ്ങൾ പരിശോധനയിലൂടെ അറിയാനാകും.
കപ്പലിനെ 72 മണിക്കൂറിനകം ഇന്ത്യൻ തീരത്തിന് 100 നോട്ടിക്കൽ മൈൽ അകലേക്ക് നീക്കാൻ കപ്പൽ കമ്പനിക്ക് ഡിജി ഷിപ്പിങ് നിർദേശം നൽകി. ഇന്ധനച്ചോർച്ച ഉണ്ടായാൽ മലിനീകരണപ്രശ്‌നങ്ങൾ ഒഴിവാക്കാനാണിത്. കപ്പൽ ഉടമകളോട് ഇന്ധനനീക്കത്തിന് കർമപദ്ധതി തയ്യാറാക്കാൻ ഡിജി ഷിപ്പിങ് ആവശ്യപ്പെട്ടിരുന്നു. കപ്പലിൽ ഇപ്പോഴും ചെറിയതോതിൽ പുക ഉയരുന്നുണ്ട്. എന്നാൽ തീപിടിത്തത്തെ തുടർന്ന് കപ്പലിന്റെ ഘടനയ്‌ക്ക് കാര്യമായ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ് ഡിജി ഷിപ്പിങ് വിലയിരുത്തൽ.
കപ്പലിന്റെ എൻജിൻ റൂമിൽ നിറഞ്ഞ വെള്ളം നീക്കാൻ ഊർജിത നടപടികളുമായി രക്ഷാപ്രവർത്തകർ. 17 ദിവസമായി തുടരുന്ന അഗ്നിരക്ഷാ പ്രവർത്തനങ്ങളുടെ ഭാഗമായി പമ്പ് ചെയ്ത വെള്ളവും ഡെക്കിൽ തീപിടിച്ചുണ്ടായ ദ്വാരത്തിലൂടെ ഉള്ളിലെത്തിയ മഴവെള്ളവും എൻജിൻ റൂമിൽ കെട്ടിക്കിടക്കുകയാണ്. സ്ഫോടനത്തെ തുടർന്നു കേടുപാടു സംഭവിച്ച ചില സ്ഥലങ്ങളിലൂടെയും വെള്ളം ഉള്ളിലേക്കു കടക്കുന്നുണ്ട്.
സക്ഷം എന്ന ടഗിൽ എത്തിച്ച പോർട്ടബിൾ ജനറേറ്ററുകൾ, റബർ തടകൾ (ഫെൻഡർ), പവർ പായ്ക്കുകളുടെ സഹായത്തോടെ വെള്ളത്തിലാഴ്ത്തി വച്ചു പ്രവർത്തിപ്പിക്കാനാകുന്ന പമ്പുകൾ എന്നിവ ഉപയോഗിക്കുന്നുണ്ട്. വാൻ ഹയിയിലുണ്ടായിരുന്ന കാർബൺ ഡയോക്സൈഡ് ഫയർ സപ്രഷൻ ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നു കണ്ടെത്തി. വീണ്ടും തീ ആളിപ്പടർന്നാൽ ഇതുപയോഗിക്കാം. കപ്പലിന്റെ 27–35 ബേകൾക്കിടയിൽ നേരിയ തീയും കനത്ത പുകയും ഇപ്പോഴുമുണ്ട്. പരിശോധനയിൽ 27–37 ഡിഗ്രി ചൂടു മാത്രമാണ് കപ്പലിന്റെ ഉള്ളറകളിൽ കണ്ടെത്തിയത്. ഇതിനാൽ തീ പൂർണമായും കെടുകയാണെന്നാണു നിഗമനം.