മോസ്കോ: വിമാനത്താവളത്തിനുള്ളിൽ ഗർഭിണിയായ അമ്മ പുഷ് ചെയർ എടുക്കുന്നതിനിടെ ഒന്നര വയസ് മാത്രമുള്ള കുട്ടിയെ നിലത്തടിച്ച് കൊല്ലാൻ ശ്രമിച്ച് വിനോദസഞ്ചാരി. മോസ്കോയിലെ ഷെറെമെറ്റിയോ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ബെലാറസ് പൗരനായ 31കാരന്‍ വ്‌ളാഡിമര്‍ വിറ്റ്‌കോലിയാണ് ഈ ക്രൂരത പിഞ്ചു കുഞ്ഞിനോട് കാണിച്ചത്. ഇയാളെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ആക്രമണത്തില്‍ തലയോട്ടിക്കും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റ് കുഞ്ഞ് ഇപ്പോഴും അബോധാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ നിന്നും പലായനം ചെയ്ത കുടുംബത്തിലെ കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ വിമാനത്താവളത്തിനുള്ളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടിയുടെ സമീപത്തായി വന്ന് നിന്ന യുവാവ് അപ്രതീക്ഷിതമായാണ് കുഞ്ഞിനെ ആക്രമിച്ചത്. കുട്ടിയെ കാലിൽ പൊക്കിയെടുത്ത് തല വിമാനത്താവളത്തിലെ തറയിൽ അടിക്കുകയാണ് ഇയാൾ ചെയ്തത്. ആക്രമണത്തിൽ തലയോട്ടിക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റ ഒന്നര വയസുകാരൻ യസ്ദാൻ കോമയിൽ തുടരുകയാണ്. കുഞ്ഞിനെതിരായ ആക്രമണത്തിന് പിന്നിൽ വംശീയ വിദ്വേഷമോ മറ്റേതെങ്കിലും കാരണമോ ഉണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. അക്രമി മയക്കുമരുന്നിന് അടിമയാണെന്നാണ് പ്രാഥമിക നിഗമനം.