തിരുവനന്തപുരം: കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിനെതിരെ ഗവർണറെ എതിർപ്പ് അറിയിച്ച് മുഖ്യമന്ത്രി. സർക്കാർ പരിപാടികളിൽ ഔദ്യോഗികമായി അംഗീകരിച്ച ചിഹ്നങ്ങളും ചിത്രങ്ങളും മാത്രമേ ഉപയോഗിക്കാവൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം ഗവർണർ രാജേന്ദ്ര ആർലേക്കറെ അറിയിച്ചു. ഗവർണർക്ക് രേഖാമൂലം കത്ത് നൽകിയാണ് എതിർപ്പ് അറിയിച്ചത്. ഇത്തരം ബിംബങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സർക്കാർ പരിപാടികളിൽ ഇത് പാടില്ലെന്നും മുഖ്യമന്ത്രിയുടെ കത്തിൽ ഓർമപ്പെടുത്തൽ.
രാജ്ഭവനിൽ നടത്തിയ രണ്ട് സർക്കാർ പരിപാടികളിൽ ഭാരതാംബ ചിത്രം സ്ഥാപിച്ച് വിളക്ക് തെളിക്കലും പുഷ്പാർച്ചന നടത്തിയതും വിവാദമായിരുന്നു. രണ്ട് സംഭവങ്ങളിലും ബന്ധപ്പെട്ട മന്ത്രിമാർ പ്രതിഷേധമറിയിച്ച് പരിപാടി ബഹിഷ്കരിച്ചു. എന്നാൽ, ചിത്രം മാറ്റാൻ തയാറല്ലെന്നും രാജ്ഭവൻ പരിപാടികളിൽ ഇത് തുടരുമെന്നും ഗവർണർ നിലപാടെടുത്തു. വിഷയത്തിൽ രാജ്ഭവന്റെ പ്രതികരണം ഇന്ന് തന്നെ സർക്കാരിനെ അറിയിച്ചേക്കും.