ന്യൂഡല്‍ഹി: തെന്നിന്ത്യൻ സിനിമകളിലെ പ്രമുഖ നടി മീന രാഷ്ട്രീയത്തിലേക്കെന്ന് റിപ്പോർട്ട്. ഉപരാഷ്ട്രപതി ജഗദീപ് ധര്‍കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് നടി ബിജെപിയില്‍ പ്രവേശിച്ചേക്കുമെന്ന ചര്‍ച്ച വീണ്ടും സജീവമായിരിക്കുന്നത്. ഉപരാഷ്ട്രപതിയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു. ആത്മവിശ്വാസത്തോടെ ഭാവിയെ നയിക്കാന്‍ താങ്കളില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ സഹായിക്കും എന്നാണ് കൂടിക്കാഴ്ചയെക്കുറിച്ച് മീന കുറിച്ചത്. ഇതോടെയാണ് മീന രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തമായിരിക്കുന്നത്.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് നടി ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ. മീനക്ക് സുപ്രധാന ചുമതലകൾ ലഭിക്കുമെന്നാണ് വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഡൽഹിയിൽ കേന്ദ്രമന്ത്രി എൽ. മുരുകന്‍റെ വീട്ടിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു. ഇതോടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള മീനയുടെ താല്‍പര്യം സംബന്ധിച്ച പ്രചാരണം ആരംഭിച്ചത്. എന്നാല്‍ വൈകാതെ താരം പ്രചാരണം തള്ളി രംഗത്തെത്തിയിരുന്നു. അങ്ങനെയിരിക്കെയാണ് ഡല്‍ഹിയിലെത്തിയ മീന ജഗദീപ് ധന്‍കറുമായുള്ള കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചത്. ചില ബിജെപി നേതാക്കളുമായും മീന കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.