വിപണി കൈയ്യടക്കാൻ വിവോയുടെ പുതിയ ഫോണ്‍ എത്തുന്നു. വിവോ ടി4 ലൈറ്റ് ഫൈവ് ജി എന്ന പേരിലുള്ള ഫോണാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. കരുത്തുറ്റ ബാറ്ററി 6000mAh ബാറ്ററിയും 256GB സ്റ്റോറേജുമുള്ള ഫോണ്‍ ജൂലൈ 2 ന് വിൽപ്പന ആരംഭിക്കുമെന്നും ടെക്ക് വിദഗ്ധർ റിപ്പോർട്ടു ചെയ്യുന്നു.
10,000 രൂപയില്‍ താഴെ വിലയുള്ള ചൈനീസ് ഫോണിന് 8GB റാം അടക്കം മറ്റു സവിശേഷതകളുമുണ്ട്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ വിവോ ടി4 5G യുടെ തൊട്ടുതാഴെയുള്ള പതിപ്പാണ് ഈ വിവോ ടി സീരീസ് ഫോണ്‍. 4 ജിബി റാം + 128 ജിബി, 6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുക. അടിസ്ഥാന മോഡലിന്റെ വില 9,999 രൂപയാണ്.
6 ജിബി റാം + 128 ജിബി, 8 ജിബി റാം + 256 ജിബി എന്നിവയ്ക്ക് യഥാക്രമം 10,999 രൂപയും 12,999 രൂപയുമാണ് വില വരിക. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍പ്പന ആരംഭിക്കുന്നത്. കൂടാതെ, കമ്പനിയുടെ ഔദ്യോഗിക ഓണ്‍ലൈന്‍ സ്റ്റോറിലും വിവിധ റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ ലഭ്യമാകും. ടൈറ്റാനിയം ഗോള്‍ഡ്, പ്രിസം ബ്ലൂ എന്നിവയാണ് അവതരിപ്പിച്ച രണ്ട് കളര്‍ ഓപ്ഷനുകള്‍.
ഈ ഫോണിലെ 6.74 ഇഞ്ച് എല്‍സിഡി സ്‌ക്രീന്‍ എച്ച്ഡി പ്ലസ് റെസല്യൂഷന്‍ അല്ലെങ്കില്‍ 720×1600 പിക്സല്‍ വാഗ്ദാനം ചെയ്യുന്നു. ഫോണിന്റെ ഡിസ്പ്ലേയുടെ പരമാവധി തെളിച്ചം 1000 നിറ്റ്‌സും 90 ഹെര്‍ട്സ് റിഫ്രഷ് റേറ്റും ആണ്. മീഡിയാടെക് ഡൈമെന്‍സിറ്റി 6300 പ്രോസസറാണ് ഇതിന് കരുത്തുപകരുന്നത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്, ഫോണിന്റെ ഇന്റേണല്‍ സ്റ്റോറേജ് 2 ടിബിയിലേക്ക് വികസിപ്പിക്കാന്‍ കഴിയും.
ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച് ഒഎസ് 15 ആണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. ഫോണില്‍ രണ്ട് കാമറകളുണ്ട്. ഇതിന്റെ പ്രാഥമിക കാമറ 50 എംപിയും സെക്കന്‍ഡറി കാമറ 2 എംപിയുമാണ്. വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി ഫോണില്‍ 5 എംപി കാമറയുമുണ്ട്.
content highlight: Vivo T4 lite 5G