ചെന്നൈയിൽ തെരുവുനായക്ക് നേരെ ഉതിർത്ത വെടി കൊണ്ടത് വിദ്യാർഥിയുടെ തലയിൽ. സംഭവത്തിൽ രണ്ട് പേരെ പൊലീസുകാരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെയോടെയാണ് സംഭവം ഉണ്ടായത്.
തെരുവുനായക്കു വെച്ച വെടി ഉന്നംതെറ്റി സ്കൂൾ വിദ്യാർഥിയുടെ തലയിൽ കൊള്ളുകയായിരുന്നു. വെടിയുതിർത്ത ശരത് കുമാർ, നായ്ക്കളെ വെടിവയ്ക്കാൻ ഇയാളെ ഏൽപ്പിച്ച വിലങ്കാട് സ്വദേശി വെങ്കടേശൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
സ്കൂളിലേക്കു നടന്നു പോകുകയായിരുന്ന കുരളരശൻ (11) എന്ന ആറാം ക്ലാസ് വിദ്യാർഥിക്കാണ് വെടിയേറ്റത്. വെടിയേറ്റ കുട്ടിയെ ഉടൻ തന്നെ ചെങ്കൽപെട്ട് ഗവ. ആശുപത്രിയിലെ തീവ്ര ചികിത്സാ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
കുട്ടി അപകടനില തരണം ചെയ്തതായും നില തൃപ്തികരമാണെന്നും പൊലീസ് പറഞ്ഞു. വെടിവയ്ക്കാൻ ഉപയോഗിച്ച നാടൻ തോക്ക് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.