SDPI-കോൺഗ്രസ് ബന്ധമെന്ന ചർച്ചകൾ സജീവമാകുന്നതിനിടിയിൽ പാർട്ടിയെ പ്രതിസന്ധിയിലാക്കി ആന്റോ ആന്റെണി എംപി. എസ്ഡിപിഐ സ്ഥാപക ദിനത്തിലായിരുന്നു പത്തനംതിട്ട എംപി ആൻ്റോ ആൻ്റണിയുടെ ഓഫീസിൽ എത്തി എസ്ഡിപിഐ നേതാക്കൾ മധുരം നൽകിയത്. പിന്നീട് എസ്ഡിപിഐ തന്നെ പുറത്തിറക്കിയ റീൽ ആണ് സമൂഹമാധ്യമങ്ങളിൽ രാഷ്ട്രീയ ചർച്ചക്ക് വഴി വച്ചത്.
കഴിഞ്ഞ 21നായിരുന്നു എസ്ഡിപിഐയുടെ സ്ഥാപക ദിനം. അന്നാണ് പത്തനംതിട്ടയിലെ എംപിയുടെ ഓഫീസിലെത്തി എസ്ഡിപിഐയുടെ ആറൻമുള നിയോജക മണ്ഡലം പ്രസിഡൻ്റ് മുഹമ്മദ് റാഷിദും മറ്റു ഭാരവാഹികളും എംപിക്ക് മധുരം നൽകിയത്. ഇത് ഇവർ തന്നെ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിലുൾപ്പെടെ പങ്കുവെക്കുകയുമായിരുന്നു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇത്തരം കൂട്ടുകെട്ടുകൾ ചർച്ചയാവുന്ന സാഹചര്യത്തിലാണ് റീലും ചർച്ചയായത്.
സമൂഹത്തിലുള്ള ഏത് സംഘടനയും വ്യക്തികളും ഓഫീസിൽ വരാറുണ്ടെന്നും എല്ലാവരുമായും നല്ല ബന്ധമാണുള്ളതെന്നും ആൻ്റോ ആൻ്റണി എംപി പ്രതികരിച്ചു. അവർ ഓഫീസിലെത്തി മധുരം തന്നത് സ്വീകരിച്ചു. അതിലെന്താണ് കുഴപ്പമെന്ന് ചോദിച്ച ആൻ്റോ ആൻ്റണി എല്ലാ സംഘടനകളും വ്യക്തികളും രാഷ്ട്രീയ പാർട്ടികളും ഓഫീസിൽ വരാറുണ്ടെന്നും പറഞ്ഞു. എൻ്റെ മണ്ഡലത്തിൽ പെട്ട ആളുകളാണ് വന്നത്. അതിലെന്താണ് കുഴപ്പം. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ താൻ എല്ലാവരുടേയും എംപിയാണെന്നും ആൻ്റോ ആൻ്റണി പ്രതികരിച്ചു.
content highlight: SDPI- Congress affair