ചൈനയിലെ ക്വിങ്‌ദാവോയിൽ നടന്ന എസ്‌സിഒ (ഷാങ്ഹായ് സഹകരണ സംഘടന) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ അതിർത്തി കടന്നുള്ള ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ ഉറച്ച നിലപാട് ആവർത്തിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാധാനം, സുരക്ഷ, വിശ്വാസക്കുറവ് എന്നിവയാണ് മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളികളെന്നും അദ്ദേഹം യോഗത്തിൽ പറഞ്ഞു.
കൂടാതെ സമാധാനവും സമൃദ്ധിയും ഭീകരതയ്‌ക്കൊപ്പം നിലനിൽക്കില്ല എന്ന് പറഞ്ഞ അദ്ദേഹം പ്രാദേശിക സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ എസ്‌സിഒ അംഗരാജ്യങ്ങൾ ഒന്നിച്ചുനിൽക്കണമെന്ന് അഭ്യർത്ഥിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ആഴ്ചകൾക്ക് ശേഷമാണ് രാജ്‌നാഥ് സിംഗിന്റെ ഈ പ്രസ്താവന. വിദേശികളടക്കം 26 പേരുടെ ജീവൻ എടുത്ത ആക്രമണത്തിന് പിന്നിൽ ഭീകര സംഘടനയായ ലഷ്‌കർ-ഇ-ത്വയ്ബ നടത്തിയ മുൻ ഓപ്പറേഷനുകളുമായി ഇത് വളരെ സാമ്യമുള്ളതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ ഭീകരതയെ ചെറുക്കുന്നതിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ലെന്നും അത്തരം ഇരട്ടത്താപ്പിൽ ഏർപ്പെടുന്ന രാജ്യങ്ങളെ വിമർശിക്കാൻ എസ്‌സിഒ മടിക്കരുത് എന്നും ഇദ്ദേഹം യോഗത്തിൽ ഊന്നിപ്പറഞ്ഞു. എല്ലാത്തരം ഭീകരതയെയും അപലപിക്കുന്നതിനും ചെറുക്കുന്നതിനും അന്താരാഷ്ട്ര സമൂഹം ഒന്നിക്കണമെന്ന് അദ്ദേഹം യോഗത്തിൽ ആഹ്വാനം ചെയ്തു.