കൊച്ചി: അന്താരാഷ്ട്ര മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ദിനം ആചരിച്ച് അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ്. അമൃത കോളേജ് ഓഫ് നഴ്‌സിംഗിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച മനുഷ്യച്ചങ്ങലയിൽ അമൃത സ്കൂൾ ഓഫ് ഫാർമസി, അമൃത സെൻ്റർ ഫോർ അലൈഡ് ഹെൽത്ത് സയൻസ്, അമൃത സ്കൂൾ ഓഫ് ഡെൻ്റിസ്ട്രി, അമൃത സ്കൂൾ ഓഫ് മെഡിസിൻ, എന്നിവിടങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും അമൃത നഴ്സിംഗ് സർവീസിലെ അംഗങ്ങളും കണ്ണികളായി.
എറണാകുളം അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ ടിഎൻ സുധീർ കൊച്ചി ക്യാമ്പസിൽ നടന്ന മയക്കുമരുന്ന് ഉപയോഗ വിരുദ്ധ ദിനാചരണം ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് പ്രതിരോധത്തിൽ വൈദ്യശാസ്ത്ര രംഗത്തിനും ഏറെ സംഭാവന നൽകാൻ സാധിക്കുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ലഹരിക്ക് അടിമപ്പെട്ട കുട്ടികളെ രക്ഷപ്പെടുത്താൻ ഡീ അഡിക്ഷൻ സെൻ്ററുകൾ ഉൾപ്പടെയുള്ള നടപടികളാണ് ഇനി ആവശ്യമെന്നും ടി എൻ സുധീർ ചൂണ്ടിക്കാട്ടി. മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി അദ്ദേഹം വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ കെ ടി മോളി ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി. അമൃത സ്കൂൾ ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. സബിത എം, സ്കൂൾ ഓഫ് ഡെന്റിസ്ട്രി വൈസ് പ്രിൻസിപ്പൽ ഡോ. രാകേഷ്, കോളേജ് ഓഫ് നഴ്സിംഗ് വൈസ് പ്രിൻസിപ്പൽ ഷീല പവിത്രൻ, അമൃത ജനറൽ മാനേജർ ശ്രീ. സി വി വിനായകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അമൃത കോളേജ് ഓഫ് നഴ്സിംഗ് പ്രൊഫസർ ലെഫ്റ്റനന്റ് കേണൽ ഡോ. അജി കെ എൽ, നന്ദി പ്രകാശനം നടത്തി.
കനത്ത മഴയെ അവഗണിച്ച് എഴുന്നൂറോളം വിദ്യാർഥികളാണ് മനുഷ്യച്ചങ്ങലയിൽ അണിനിരന്നത്.
ഫോട്ടോ: അമൃതയിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ വിദ്യാർത്ഥികൾ ഭാഗമായപ്പോൾ
ഫോട്ടോ: എറണാകുളം അസിസ്റ്റൻറ് എക്സൈസ് കമ്മിഷണർ ടി. എൻ. സുധീർ അന്താരാഷ്ട്ര മയക്കുമരുന്നു വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി പ്രതിജ്ഞ ബോർഡിൽ ഒപ്പുവയ്ക്കുന്നു.