ഉപതിരഞ്ഞെടുപ്പ് ഫലം ചർച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് വിമർശനം. ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് ഗോവിന്ദന്റെ പേര് പറയാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവും എളമരം കരീമും വിമർശിച്ചത്.
നിലമ്പൂരിൽ മാത്രമല്ല, പാർട്ടിയെ കാലങ്ങളോളം ഈ വിവാദം വേട്ടയാടുമെന്നും ഒരു ബാധ്യതയാകുമെന്നുമാണ് ഇരുവരും വിമർശിച്ചത്. അൻവറിനെ വേണ്ട വിധം ഗൗരവത്തിലെടുക്കാത്തത്, പാർട്ടി വോട്ട് ചോർച്ച എന്നിവയിലും വിലയിരുത്തലുകളുണ്ടായി. ഗൗരവമായ പരിശോധന ആവശ്യമാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തി.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് തിരഞ്ഞെടുപ്പ് ചർച്ച തുടങ്ങിവെച്ചത്. നിലമ്പൂരിൽ പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടായിട്ടില്ലെന്നും പാർട്ടി വോട്ടുകൾക്കപ്പുറത്തുനിന്ന് വ്യക്തിപരമായി സ്വരാജ് പതിനായിരം വോട്ടെങ്കിലും നേടിയെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എന്നാൽ പിന്നീട് സംസാരിച്ച നേതാക്കൾ ഈ വാദത്തെ എതിർത്തു. പാർട്ടിക്ക് 70000നടുത്ത് വോട്ടുകൾ നിലമ്പൂരിൽ ഉണ്ടെന്നും, ഈ വോട്ടുകൾ ലഭിക്കാത്തത് പാർട്ടി വോട്ടുകളിൽ വിള്ളലുണ്ടായി എന്നതിന്റെ സൂചനയാണ് എന്നുമായിരുന്നു ഇവരുടെ അഭിപ്രായം.
മുഖ്യമന്ത്രിയാണ് അൻവറിനെ ഗൗരവത്തിലെടുത്ത് വിമർശിക്കുന്നതിൽ വീഴ്ച പറ്റിയെന്ന് പറഞ്ഞത്. അൻവറിന്റെ ശക്തി മനസ്സിലാക്കുന്നതിൽ പാർട്ടി പൂർണമായും പരാജയപ്പെട്ടു. അൻവറിനെ ലക്ഷ്യം വെച്ചുകൊണ്ട് ആർക്കും പ്രചാരണം നടത്താനും കഴിഞ്ഞില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
content highlight: CPM Kerala state secreteriat meeting