പുത്തൻ ഗെറ്റപ്പിൽ മഹീന്ദ്ര. മാറ്റങ്ങളില്‍ പലതും ഥാര്‍ റോക്‌സില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുള്ളതാണ്. മിഡ് ലൈഫ് മേക്ക് ഓവറിലെത്തുന്ന ഥാറിലെ പ്രധാന മാറ്റങ്ങളെ കുറിച്ച് അറിയാം.
ഫീച്ചറുകളില്‍ മാറ്റം ഉണ്ടെങ്കിലും പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ മാറ്റങ്ങളില്ലാതെയാണ് ഫേസ്‌ലിഫ്റ്റഡ് മോഡല്‍ എത്തുക. മുഖം മിനുക്കിയെത്തുന്ന 3 ഡോര്‍ ഥാറിന്റെ കാബിന്റെ ചിത്രങ്ങള്‍ അടക്കം ഇത്തവണ പുറത്തുവന്നിട്ടുണ്ട്. കറുപ്പ് തീം തന്നെയാണ് കാബിനില്‍ തുടരുന്നത്. കൂടുതല്‍ വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം ഥാര്‍ റോക്‌സില്‍ നിന്നും 3 ഡോര്‍ ഥാറിലേക്കും എത്തുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ അനലോഗ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററാണെങ്കിലും പുതിയ ഥാറില്‍ 10.25 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവേഴ്‌സ് ഡിസ്‌പ്ലേ ഉള്‍പ്പെടുത്താനുള്ള സാധ്യത തള്ളാനാവില്ല. ഫ്രണ്ട് ഡോര്‍ പാനലിലേക്ക് പവര്‍ വിന്‍ഡോ സ്വിച്ച് കണ്‍ട്രോള്‍ പാനല്‍ മാറ്റിയിട്ടുണ്ട്. ഓട്ടമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും അവതരിപ്പിക്കാന്‍ സാധ്യതയുണ്ട്. ടോഗിള്‍ സ്വിച്ചുകള്‍, മാനുവല്‍ ഗിയര്‍ നോബ്, സീറ്റ് അപോള്‍സ്ട്രി എന്നിവയെല്ലാം മാറ്റമില്ലാതെ തുടരുന്നു.
ആദ്യമായാണ് ഫേസ് ലിഫ്റ്റഡ് ഥാറിന്റെ മുന്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുന്നത്. ഈ ചിത്രങ്ങളില്‍ നിന്നും ഗ്രില്ലില്‍ മാറ്റങ്ങളുണ്ടെന്ന് കാണാം. ഇവിടെയും പ്രചോദന കേന്ദ്രം ഥാര്‍ റോക്‌സ് തന്നെ. വൃത്താകൃതിയിലുള്ള ഹെഡ് ലാംപുകളില്‍ എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റുകള്‍ നല്‍കാന്‍ ഇടയുണ്ട്. പിന്നിലെ എല്‍ഇഡി ടെയില്‍ ലാംപുകളിലും മാറ്റങ്ങളുണ്ട്. 5 സ്‌പോക് അലോയ് വീലുകളാണ് മറ്റൊരു മാറ്റം.
സ്റ്റീറിങ് മൗണ്ടഡ് കണ്‍ട്രോളുകള്‍, റിമോട്ട് കീലെസ് എന്‍ട്രി, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, ക്രൂസ് കണ്‍ട്രോള്‍ എന്നിവയെല്ലാം തുടരാനാണ് സാധ്യത. സുരക്ഷാ ഫീച്ചറുകളിലേക്കു വന്നാല്‍ സ്റ്റാന്‍ഡേഡായി എല്ലാ മോഡലുകളിലും 6 എയര്‍ബാഗ് വരുന്നുണ്ട്. 360 ഡിഗ്രി ക്യാമറ, ടയര്‍ പ്രഷര്‍ മോണിറ്ററിങ് സംവിധാനം, ഓട്ടോ ഡിമ്മിങ് ഇന്റേണല്‍ റിയര്‍വ്യൂ മിറര്‍, ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, റോള്‍ കേജ് എന്നിങ്ങനെ ഒരു ഓഫ് റോഡറിനു വേണ്ടത് അടക്കമുള്ള സുരക്ഷാ സൗകര്യങ്ങള്‍ പുതിയ ഥാറിലും ഉണ്ടാവും.
ഇതുവരെ പവര്‍ട്രെയിന്‍ വിശദാംശങ്ങള്‍ മഹീന്ദ്ര പുറത്തുവിട്ടിട്ടില്ല. 3 ഡോര്‍ ഥാറിന്റെ ഫേസ് ലിഫ്റ്റ് മോഡലില്‍ പവര്‍ട്രെയിനില്‍ മാറ്റങ്ങള്‍ വരുത്താനുള്ള സാധ്യത കുറവാണ്. 2 ലീറ്റര്‍ ടര്‍ബോ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍ എന്നിവയാണ് നിലവില്‍ എന്‍ജിന്‍ ഓപ്ഷനുകള്‍. ടര്‍ബോ പെട്രോളിലും 2.2 ലീറ്റര്‍ ഡീസലിലും 6 സ്പീഡ് എംടി(മാനുവല്‍ ട്രാന്‍സ്മിഷന്‍), 6 സ്പീഡ് എടി(ഓട്ടമാറ്റിക് ട്രാന്‍സ്മിഷന്‍) ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍.
അടുത്തവര്‍ഷം 3 ഡോര്‍ മഹീന്ദ്ര ഥാര്‍ മുഖം മിനുക്കി നിരത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിലെ ഥാറിനേക്കാള്‍ വിലയില്‍ വര്‍ധനക്കു സാധ്യതയുണ്ട്. അങ്ങനെ വരുമ്പോള്‍ 11.50 ലക്ഷം മുതല്‍ 17.62 ലക്ഷം രൂപ(എക്‌സ് ഷോറൂം) വരെ വിലക്ക് സാധ്യതയുണ്ട്. പുറത്തിറങ്ങിയാല്‍ 3 ഡോര്‍ ഫോഴ്‌സ് ഗൂര്‍ഖ, മാരുതി ജിമ്‌നി എന്നിവയുമായിട്ടാവും വിപണിയിലെ പ്രധാന മത്സരം.