ഇന്ത്യയിൽ വാക്സിൻ എടുത്ത കുട്ടികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. 2023 ലെ കണക്കനുസരിച്ച് ലോകത്ത് വാക്‌സിനേഷൻ എടുക്കാത്ത കുട്ടികളിൽ പകുതിയിലധികം പേരും ജീവിച്ചിരുന്ന എട്ട് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്നാണ് ദി ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്. നൈജീരിയ, ഇന്ത്യ, എത്യോപ്യ, സൊമാലിയ, സുഡാൻ, ഇന്തോനേഷ്യ, ബ്രസീൽ എന്നി രാജ്യങ്ങളിലാണ് വാക്‌സിനേഷൻ എടുക്കാത്ത കുട്ടികൾ ഉള്ളത്.
ഇന്ത്യയിലെ 1.44 ദശലക്ഷം പേരും ഡിഫ്‌തീരിയ, ടെറ്റനസ്, പെർട്ടുസിസ് വാക്‌സിനുകളുടെ ഒരു ഡോസും സ്വീകരിച്ചിട്ടില്ലെന്ന് കണ്ടെത്തി. ലോകമെമ്പാടുമുള്ള കുട്ടികൾക്ക് പതിവ് വാക്‌സിനുകൾ നൽകിയിട്ടുണ്ടോ എന്ന് അറിയാൻ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് എന്ന ഗവേഷക സംഘം ഒരു പഠനം നടത്തിയിരുന്നു. 1980 മുതൽ 2023 വരെ നടന്ന പഠനത്തിൽ 204 രാജ്യങ്ങളും പ്രദേശങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ഇത് ആഗോളതലത്തിലും പ്രാദേശികതലത്തിലും വാക്‌സിനേഷൻ എടുക്കുന്ന കുട്ടികൾ എത്രയുണ്ടെന്ന് മനസിലാക്കാൻ സഹായിച്ചു.
1980-ൽ പതിവ് വാക്‌സിനുകൾ സ്വീകരിക്കാത്ത കുട്ടികളിൽ പകുതിയിലധികം (53.5%) പേരും ഇന്ത്യ, ചൈന, ഇന്തോനേഷ്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ അഞ്ച് രാജ്യങ്ങളിലാണ് താമസിച്ചിരുന്നത് എന്ന് കണ്ടെത്തി. കുട്ടികളിൽ പ്രതിരോധശക്തി കൂട്ടാൻ ചെലവ് കുറഞ്ഞതും ശക്തവുമായ മാർഗമാണ് വാക്‌സിൻ എന്ന് യുഎസിലെ വാഷിങ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ (ഐഎച്ച്എംഇ) മുതിർന്ന എഴുത്തുകാരൻ ഡോ.ജൊനാഥൻ മോസർ പറഞ്ഞു.
കഴിഞ്ഞ 50 വർഷമായി നിരവധി ശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇതുവരെ പൂർണമായ ഒരു ഫലം കണ്ടെത്താൻ സാധിച്ചട്ടില്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മാറിവരുന്ന ജീവിതശൈലിയും കൊവിഡ് 19 പോലെയുള്ള മഹമാരിയും രോഗപ്രതിരോധ പുരോഗതിയെ മന്ദഗതിയിലാക്കുന്നതിന് കാരണമാകുന്നു. അഞ്ചാംപനി, പോളിയോ, ഡിഫ്‌തീരിയ എന്നീ രോഗങ്ങളെ തടയാൻ വാക്‌സിനേഷൻ എടുക്കണം എന്ന് ജൊനാഥൻ മോസർ പറഞ്ഞു.
ജീവൻരക്ഷാ പ്രതിരോധ കുത്തിവയ്പ്പുകളുടെ പ്രധാന്യത്തെക്കുറിച്ചും പഠനം പറയുന്നുണ്ട്. ലോകാരോഗ്യ സംഘടന (WHO) ശുപാർശ ചെയ്യുന്ന 11 വ്യത്യസ്‌ത വാക്‌സിനുകളെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവരും വായിക്കണം എന്ന് ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസ് ഗവേഷക സംഘം പറഞ്ഞു. സീറോ-ഡോസ് ചിൽഡ്രൻ എന്ന് അറിയപ്പെടുന്ന പതിവ് വാക്സിനുകൾ എടുക്കാത്ത കുട്ടികളുടെ എണ്ണം 75% ആയി കുറഞ്ഞു.