ഗായകനും നടനുമായ ദിൽജിത്ത് ദോസാഞ്ജിന്റെ ‘സർദാർജി 3’ ചിത്രത്തിന്റെ റിലീസ് മാറ്റിയാതായി അറിയിച്ച് അണിയറപ്രവർത്തകർ. ചിത്രത്തിൽ പാക് നടി ഹനിയ ആമിറിനെ കാസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് വലിയ വിവാദമായിരുന്നു ഉയർന്ന് വന്നിരുന്നത്. ചിത്രം റിലീസ് ചെയ്താൽ ദിൽജിത്തിനെ വിലക്കുമെന്ന് അറിയിച്ച് സിനിമാ സംഘടനകൾ രംഗത്തെത്തുന്ന സാഹചര്യം വരെയുണ്ടായിരുന്നു. ഇപ്പോഴിതാ പാക് നടി ഹനിയ അമീറിനെ നായികയാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളും നിർമാതാക്കൾ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
പാക് നടി ഹനിയ അമീറിനെ നായികയാക്കിയത് പഹൽഗാം ഭീകരാക്രമണം നടക്കുന്നതിന് മുമ്പായിരുന്നുവെന്നും ഇന്ത്യ-പാക് സംഘർഷം രൂക്ഷമാകുന്നതിന് മുമ്പായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും ചിത്രത്തിന്റെ നിർമാതാക്കൾ പറഞ്ഞു. ജൂൺ 27-ന് റിലീസ് ചെയ്യാനൊരുങ്ങിയ ചിത്രമാണ് ഇപ്പോൾ വീണ്ടും റിലീസ് മാറ്റിയിരിക്കുന്നത്.
‘സർദാർജി 3 എന്ന ചിത്രം നമ്മുടെ രാജ്യം ഇപ്പോൾ അഭിമുഖീകരിക്കുന്ന സാഹചര്യങ്ങൾക്ക് വളരെ മുമ്പ് ചിത്രീകരിച്ചതാണ്. ഭീകരാക്രമണത്തിന് ശേഷം ഏതെങ്കിലും പാകിസ്താനി കലാകാരനെ ചിത്രവുമായി ബന്ധിപ്പിച്ചിട്ടില്ല. രാജ്യത്തിന്റേയും പൗരന്മാരുടേയും ഒപ്പം ഒറ്റക്കെട്ടായി നിൽക്കാനാണ് തീരുമാനം ഇപ്പോഴത്തെ അവസ്ഥയിൽ ചിത്രം റിലീസ് ചെയ്യുന്നില്ല. സാഹചര്യം അനുയോജ്യമാകുന്നതുവരെ സിനിമയോ അതുമായി ബന്ധപ്പെട്ട മറ്റ് ഉള്ളടക്കമോ റിലീസ് ചെയ്യാതിരിക്കാൻ തീരുമാനിച്ചു.’ പ്രസ്താവനയിൽ പറയുന്നു.
story highlight: sardarji 3 release postponed
















