കാത്തിരിപ്പിന് വിരാമം കുറിച്ച് ഇന്ത്യക്കാരനായ ശുഭാംശു ശുക്ല ഉൾപ്പടെയുള്ള ബഹിരാകാശ സഞ്ചാരികളുമായി ആക്സിയം – 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. സോഫ്റ്റ് മാച്ചിങ് സ്ഥിരീകരിച്ചതിനു തൊട്ടുപിന്നാലെ ഹാർഡ് ക്യാപ്‌ചറും പൂർത്തിയായി.
വൈകിട്ട് നാലു മണിക്ക് ശേഷമാണ് പേടകം ഐഎസ്എസില്‍ ഡോക്ക് ചെയ്തത്. 24 മണിക്കൂറിലേറെ നീണ്ട യാത്രയ്‌ക്കൊടുവിവിലാണ് സംഘം ബഹിരാകാശ നിലയത്തിലെത്തിയത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 എയിൽ നിന്ന് ഇന്നലെയാണ് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ ഡ്രാഗൺ പേടകം കുതിച്ചുയർന്നത്.
ഇന്ത്യയിൽ നിന്നുള്ള ശുഭാംശു ശുക്ല, നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്സിയം – 4ലെ അംഗങ്ങൾ.
നേരത്തെ വിവിധ കാരണങ്ങളാൽ പല തവണ മാറ്റിവച്ച ആക്‌സിയം -4 ദൗത്യമാണ് ബുധനാഴ്ച വിജയകരമായി നടത്തിയത്. നേരത്തെ ജൂൺ 22 ന് ഇന്ത്യയുടെ വ്യോമസേനാ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയും മറ്റ് മൂന്ന പേരുമടങ്ങുന്ന സംഘം ബഹിരാകാശത്തേക്ക് യാത്ര തിരിക്കുമെന്നാണ് നാസ അറിയിച്ചത്. പിന്നീട്, വിക്ഷേപണ തീയതി മാറ്റുകയായിരുന്നു.
















