ഇറാന്‍-ഇസ്രയേല്‍ യുദ്ധം വെടിനിര്‍ത്തല്‍ കരാറിലെത്തിയിട്ടും ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയെ എവിടെ എന്നുള്ള ചോദ്യമാണ് അന്തരീക്ഷത്തില്‍ നില്‍ക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വരുന്നേയില്ല. യുദ്ധം ആരംഭിച്ച് ഒരാഴ്ചയ്ക്ക് ശേഷം ലോകം ഈത്തുള്ള അലി ഖണനിയെ പിന്നെ കണ്ടിട്ടില്ല. ഖമനിയുടേതായ ശബ്ദസന്ദേശങ്ങളും ഇക്കാലയളവില്‍ പുറത്തുവന്നിട്ടുമില്ല. ഇറാന്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടോ. അതോ ജീവനോടെയുണ്ടോ. ഉണ്ടെങ്കില്‍ എവിടെ. ഇറാന്റെ ആണവ നിലയങ്ങളെ തകര്‍ത്ത അമേരിക്കയുടെ ലക്ഷ്യം, ആണവാ നിലയങ്ങള്‍ തകര്‍ക്കുക മാത്രമായിരുന്നോ എന്നതില്‍ സംശയമുണ്ട്. മാത്രമല്ല, അമേരിക്കയുടെ ആക്രമണത്തിനു ശേഷവും ഇസ്രയേല്‍ വീണ്ടും ഇറാന്റെ ആണവ നിലയത്തിലേക്ക് ആക്രമണം നടത്തിയിരുന്നു.
ഇറാന്റെ പരമോന്നത നേതാവ് യുദ്ധസമയം ഭൂമിക്കടിയിലെ ബങ്കറില്‍ സുരക്ഷിതരാണെന്ന വിവരം മാത്രമായിരുന്നു പുറത്തുവന്നിരുന്നത്. എന്നാല്‍, യുദ്ധം രൂക്ഷമായതിനു ശേഷം ആയത്തുള്ളയെ കുറിച്ചുള്ള വിവരങ്ങള്‍ കുറഞ്ഞു കുറഞ്ഞു വരികയും ചെയ്തു. കഴിഞ്ഞ ദിവസം ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലെ അവതാരകന്‍ ഖമനിയുടെ ആര്‍ക്കൈവ്സ് ഓഫീസിലെ ഉദ്യോഗസ്ഥനായ മെഹ്ദി ഫസേലോട് ചോദിച്ചു, ആയത്തുള്ള ഖമേനി എവിടെയെന്ന്. പക്ഷെ ആ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ‘ഇറാന്‍ ജനത പ്രാര്‍ത്ഥിക്കണം. പരമോന്നത നേതാവിനെ സംരക്ഷിക്കാന്‍ ഉത്തരവാദിത്തമുള്ള ആളുകള്‍ അവരുടെ ജോലി നന്നായി ചെയ്യുകയാണ്. ദൈവം അനുവദിച്ചാല്‍, ഇറാന്‍ ജനതയ്ക്ക് തങ്ങളുടെ പരമോന്നത നേതാവിനൊപ്പം വിജയം ആഘോഷിക്കാന്‍ കഴിയും’. ഇതായിരുന്നു മെഹ്ദിയുടെ മറപടി
വെടിനിര്‍ത്തല്‍ നിലവില്‍ വന്ന് ഇരുരാജ്യങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമായിട്ടും ഖമേനി ഇതുവരെ പുറംലോകത്തിന് മുമ്പില്‍ വരാത്തത് നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. യുദ്ധം മൂര്‍ച്ഛിച്ചപ്പോള്‍ ഖമനി ബങ്കറില്‍ അഭയം തേടിയെന്നും വധശ്രമങ്ങള്‍ തടയുന്നതിനാല്‍ ഇലക്ട്രോണിക് ആശയവിനിമയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനിന്നുവെന്നുമായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ പശ്ചിമേഷ്യ ശാന്തമാകുമ്പോഴും ആയത്തുള്ള എന്തിന് മൗനം തുടരുന്നുവെന്നത് സ്വാഭാവികമായും ഉയരുന്ന ചോദ്യമാണ്.
പരമോന്നത നേതാവെന്ന നിലയില്‍, ഭരണകാര്യങ്ങളിലെ അവസാനവാക്ക് ഖമനിയുടേതാണ്. ഖത്തര്‍ അമീറിന്റെ മധ്യസ്ഥതയില്‍ ട്രംപ് നടത്തിയ വെടിനിര്‍ത്തല്‍ ശ്രമം ഇറാന്‍ അംഗീകരിക്കണമെങ്കില്‍ ഖമനിയുടെ സമ്മതം ആവശ്യമാണ്. ഇക്കാര്യത്തില്‍, മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സമീപ ദിവസങ്ങളില്‍ ഖമനിയുമായി കൂടിക്കാഴ്ച നടത്തിയോയെന്ന ചോദ്യത്തില്‍ നിന്ന് അവരും ഒഴിഞ്ഞുമാറുകയാണ്.
ഖമനിയുടെ പരസ്യമായ മൗനം പലവിധ ഊഹാപോഹങ്ങള്‍ക്കും കാരണമാകുന്നുണ്ട്. വെടിനിര്‍ത്തല്‍ സംബന്ധിച്ചുള്ള തീരുമാനങ്ങളില്‍ ഖമേനി എത്രത്തോളം ഇടപെട്ടിട്ടുണ്ടെന്നതാണ് പ്രധാനമായുമുള്ള സംധയം. മാത്രമല്ല രാജ്യത്തിന്റെ ദൈനംദിന ഭരണത്തില്‍ അദ്ദേഹം മേല്‍നോട്ടം വഹിക്കുന്നുണ്ടോ, യുദ്ധസമയത്ത് അദ്ദേഹത്തിന് പരിക്ക പറ്റിയോ? -തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.
നേരത്തെ വെടിനിര്‍ത്തല്‍ വേളയില്‍ പോലും ഇസ്രായേല്‍ ഖമേനിയെ വധിക്കാന്‍ സാധ്യതയുണ്ടെന്ന് ആശങ്ക ഇറാന്‍ സൈന്യത്തിനുണ്ടായിരുന്നു.റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡറും ഖമേനിയുടെ ഉന്നത സൈനിക ഉപദേഷ്ടാവുമായ ജനറല്‍ യഹ്യ സഫാവിയുടെ മകനും രാഷ്ട്രീയ വിശകലന വിദഗ്ധനുമായ ഹംസെ സഫാവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതിനാല്‍, പുറം ലോകവുമായുള്ള പരിമിതമായ ബന്ധത്തില്‍ ഉയര്‍ന്ന സുരക്ഷാ പ്രോട്ടോക്കോളില്‍ സൈന്യം അദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഖമേനിയുടെ അഭാവത്തില്‍ രാഷ്ട്രീയ നേതൃത്വവും സൈനിക കമാന്‍ഡര്‍മാരും സഖ്യങ്ങള്‍ രൂപീകരിക്കുകയും അധികാരത്തിനായി മത്സരിക്കുകയും ചെയ്തുവെന്ന് ഇറാനിലെ സര്‍ക്കാരിലെ ചില മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ജൂലൈ ആദ്യവാരത്തിലാണ് ഇറാനിലെ ബഹുഭൂരിപക്ഷം വരുന്ന ഷിയാ മുസ്ലീങ്ങളുടെ പ്രധാന ചടങ്ങുകളിലൊന്നായ ആഷുര നടക്കുന്നത്്. പതിവായി ആഷൂരയില്‍ ഖമേനി രാജ്യത്തെ അഭിസംബോധന ചെയ്തുസംസാരിക്കാറുണ്ട്. ഇത്തവണത്തെ ആഷൂരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇത്തവണത്തെ ആഷൂരയില്‍ ഖമേനി എത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ലോകം. ആഷൂരയില്‍ ഖമനിയുടെ സാന്നിധ്യമില്ലെങ്കില്‍ അതൊരു മോശം സൂചനയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
അതേസമയം, ഇറാന്‍-ഇസ്രയേല്‍ യുദ്ധം ആരംഭിക്കുന്നതിനു മുമ്പുതന്നെ ആയത്തുള്ള ഖമനിയ ഇരിക്കുന്ന ബങ്കര്‍ ഏതെന്നും, അവിടെ എപ്പോള്‍ വേണമെങ്കിലും ആക്രമണം നടത്താമെന്നും അമേരിക്കന്‍ പ്രസിഡന്റ് പ്രസ്താവിച്ചിരുന്നു. ഇസ്രയേല്‍ അമേരിക്കയോട് ആവശ്യപ്പെട്ടിരുന്നതും, ആയത്തുള്ളയെ കൊല്ലണമെന്നായിരുന്നു. എന്നാല്‍, അമേരിക്കയാണ് ആയത്തുള്ളയെ കൊല്ലേണ്ടതില്ല എന്ന നിലപാടെടുത്തത്. എന്നാല്‍, നിലവിലെ യുദ്ധാനന്തര സ്ഥിതിയില്‍ ആയത്തുള്ള അലി ഖമനിയയുടെ നിശബ്ദത നിരവധി ചോദ്യങ്ങള്‍ക്ക് വഴി വെയ്ക്കുകയാണ്.