ഇറാൻ ആണവ ഭീഷണി ഉയർത്തുന്നുവെന്നാരോപിച്ച് ഇസ്രയേൽ നടത്തിയ അക്രമണം പശ്ചിമേഷ്യയെ യുദ്ധത്തിലേക്കാണ് നയിച്ചത്. ഇസ്രയേലിന് പുറമേ യുഎസും കൂടെ ഇറാനെതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ സംഘർഷങ്ങൾ വർദ്ധിക്കുമ്പോഴും തങ്ങളുടെ ആണവനിലയങ്ങളിൽ രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയില്‍ നിന്നുള്ള പരിശോധകരെ അനുവദിക്കില്ലെന്ന കർക്കശ്ശ നിലപാടിലാണ് ഇറാൻ.
രാജ്യാന്തര ആണവോര്‍ജ്ജ ഏജന്‍സിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ ഭരണകൂടത്തിന് അനുമതി നല്‍കുന്ന പ്രമേയത്തിന് ഇറാന്‍ പാര്‍ലമെന്‍റ് കഴിഞ്ഞ ദിവസമാണ് അംഗീകാരം നല്‍കിയത്.അതും 223 വോട്ടിൽ 221 വോട്ടുകളോടയാണ് ഇറാന്‍ പാര്‍ലമെന്‍റ് ഈ പ്രമേയത്തിന് അംഗീകാരം നല്‍കിയത്. 2 വോട്ടുകൾ നഷ്ടപ്പെടാൻ കാരണം, ഒരാള്‍ വോട്ടെപ്പില്‍ പങ്കെടുത്തില്ല.,ഒരാള്‍ സമ്മേളനത്തിനെത്തിയിരുന്നില്ല എന്നതാണ്.ഒരാള്‍ പോലും എതിര്‍ത്ത് വോട്ട് ചെയ്‌തില്ല എന്നർത്ഥം.
ഇറാൻ്റെ ആണവ പദ്ധതിയുടെ ദ്രുതഗതിയിലുള്ള വികാസത്തെ കുറിച്ച് പാശ്ചാത്യ ശക്തികൾ ആവർത്തിച്ച് ആശങ്കകൾ പ്രകടിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് രാജ്യത്തിൻ്റെ ത്വരിതപ്പെടുത്തിയ യുറേനിയം സമ്പുഷ്ടീകരണത്തെ ചോദ്യം ചെയ്‌തിട്ടുണ്ട്. ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൻ്റെ വക്കിലാണെന്ന് ഇസ്രായേൽ ആരോപിച്ചു. ടെഹ്‌റാൻ അത് നിഷേധിച്ചിരുന്നെങ്കിലും ഒരു ഏഅജൻസിയേയും പരിശോധനയ്ക്ക് രാജ്യം അകത്ത് കടത്തുന്നില്ല. ഇത്ആണവ സുതാര്യതയുടെ ഭാവിയെക്കുറിച്ച് ആശങ്കകള്‍ ഉയര്‍ത്തുന്നു .ഒപ്പം ആഗോള ആണവനിര്‍വ്യാപന ശ്രമങ്ങളെക്കുറിച്ചും ആശങ്കകളുയരുന്നു. ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേലും അമേരിക്കയും നടത്തിയ സംയുക്ത ആക്രമണത്തിന് പിന്നാലെയാണ് പിന്മാറാനില്ലെന്ന് ഇറാന്‍ നിലപാട് വ്യക്തമാക്കിയത്.
ഇറാൻ്റെ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന ആണവ പദ്ധതിയെ കുറിച്ച് ഐഎഇഎ, മെയ് അവസാനം പുറത്തിറക്കിയ ഏറ്റവും പുതിയ ത്രൈമാസ റിപ്പോർട്ടിൽ “ഗുരുതരമായ ആശങ്ക” പ്രകടിപ്പിച്ചിരുന്നു.
യുഎൻ ഏജൻസിയുടെ അഭിപ്രായത്തിൽ യുറേനിയം 60 ശതമാനമായി സമ്പുഷ്ടമാക്കിയ ഒരേയൊരു ആണവായുധേതര രാഷ്ട്രമാണ് ഇറാൻ. കൂടുതൽ പരിഷ്‌കരിച്ചാൽ ഒമ്പതിലധികം ബോംബുകൾ നിർമ്മിക്കാൻ ആവശ്യമായ ആയുധ- ഗ്രേഡ് വസ്‌തുക്കൾ സൈദ്ധാന്തികമായി അവരുടെ പക്കലുണ്ട്.എന്നിരുന്നാലും, ഒരു ന്യൂക്ലിയർ ബോംബിൻ്റെ നിർമ്മാണത്തിനും വിതരണത്തിനും ബാലിസ്റ്റിക്‌സിൽ വൈദഗ്ദ്ധ്യം നേടുന്നതും ന്യൂക്ലിയർ ചാർജിൻ്റെ ചെറുതാക്കലും ഉൾപ്പെടെ നിരവധി ഘട്ടങ്ങൾ ആവശ്യമാണ്.
ഇറാൻ സജീവമായി ആണവ ബോംബ് നിർമ്മിക്കുന്നില്ലെന്ന് മാർച്ചിൽ സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ യുഎസ് നാഷണൽ ഇൻ്റെലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് സാക്ഷ്യപ്പെടുത്തിയിരുന്നു.മാത്രമല്ല, ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ആണവായുധങ്ങൾ നിരോധിച്ചു കൊണ്ട് ദീർഘകാലമായി പുറപ്പെടുവിച്ച ഫത്‌വയെയോ മതപരമായ ശാസനയെയോ മറികടക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും ഇറാനിലെ ആണവ പദ്ധതികള്‍ ആഗോളതലത്തില്‍ വലിയ ആശങ്ക ഉയര്‍ത്തുന്നവയാണ്. അതു കൊണ്ട് തന്നെ സുതാര്യത ഉറപ്പാക്കാന്‍ ആണവ കേന്ദ്രങ്ങളിലെ നിരന്തര പരിശോധനകള്‍ സഹായിക്കും.ഭൗമ രാഷ്‌ട്രീയത്തിനപ്പുറം ഐഎഇഎ പരിശോധകര്‍ ഇറാന്‍ ആണവ കേന്ദ്രങ്ങളില്‍ രാജ്യാന്തര സുരക്ഷയും സുരക്ഷാ ചട്ടങ്ങളും പാലിക്കപ്പെടുന്നുണ്ടോയെന്ന പരിശോധനയും നടത്തുന്നു. പരിമിതമായ പൗരബോധവും ധാരാളം ആണവകേന്ദ്രങ്ങളുമള്ള ഒരു രാജ്യത്ത് ഐഎഇഎയുടെ പരിശോധനയ്ക്ക് ഗൗരവം ഏറെയാണ്. ആണവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴുള്ള വീഴ്‌ചകള്‍ ഒഴിവാക്കുന്നതിലും അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനും ഭീകരര്‍ ആണവായുധം കൈവശപ്പെടുത്തുന്നില്ലെന്ന് ഉറപ്പു വരുത്താനും ആണവോര്‍ജ്ജ ഏജന്‍സിയുടെ പരിശോധനയും സാന്നിധ്യവും അത്യന്താപേക്ഷിതമാണ്.
നിരന്തരമായ ഐഎഇഎ പരിശോധനകള്‍ ആണവ ശക്തി കൈകാര്യം ചെയ്യുന്നതില്‍ ഇറാന്‍റെ നിലവാരം മെച്ചപ്പെടുത്താനുപകരിക്കുകയും യുദ്ധാവശ്യങ്ങള്‍ക്കല്ലാതെ ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിനുള്ള സാധ്യത തുറക്കുകയും അത് വഴി പാരിസ്ഥിതി, സുരക്ഷാ ദുരന്തങ്ങള്‍ക്കുള്ള സാധ്യതകള്‍ ഇല്ലാതാകുകയും ചെയ്യും.
ഇറാൻ1950-കളുടെ അവസാനത്തിൽ അമേരിക്കയുടെ സാങ്കേതിക സഹായത്തോടെയാണ് തങ്ങളുടെ ആണവ പദ്ധതിക്ക് അടിത്തറ പാകിയത്.റാൻ ഭരണാധികാരി ആയിരുന്ന ഷാ മുഹമ്മദ് റെസ പഹ്‌ലവി വാഷിംഗ്ടണുമായി ഒരു സിവിലിയൻ ആണവ സഹകരണ കരാറിൽ ഒപ്പുവച്ചു.1970ൽ ഇറാൻ ആണവായുധ നിർവ്യാപന ഉടമ്പടി (NPT) അംഗീകരിച്ചു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (IAEA) മുമ്പാകെ തങ്ങളുടെ ആണവ വസ്‌തുക്കൾ പ്രഖ്യാപിക്കാൻ ഇറാൻ പ്രതിജ്ഞാബദ്ധമായി.
2000-കളുടെ തുടക്കത്തിൽ പ്രഖ്യാപിക്കാത്ത ആണവ കേന്ദ്രങ്ങളെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആശങ്കകൾ ഉയർത്തി. “വിശാലമായി വിശ്വസനീയമായ” ഇൻ്റെലിജൻസ് വിവരങ്ങൾ സമാഹരിച്ച 2011-ലെ ഐഎഇഎ റിപ്പോർട്ട് , കുറഞ്ഞത് 2003 വരെ ഇറാൻ “ഒരു ആണവ സ്ഫോടകവസ്‌തു വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തി എന്നായിരുന്നു.
സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ നിർത്തിവച്ച ശേഷം ഇറാൻ യൂറോപ്യൻ ശക്തികളുമായും പിന്നീട് അന്താരാഷ്ട്ര ശക്തികളുമായും ചർച്ചകൾ ആരംഭിച്ചു. അത് പിന്നീട് ഒരു ചരിത്ര കരാറിൽ കലാശിക്കുകയായിരുന്നു.
2015 ജൂലൈ 14ന് ഇറാനും യുഎൻ സുരക്ഷാ കൗൺസിലിലെ അഞ്ച് സ്ഥിരാംഗങ്ങളായ ബ്രിട്ടൻ, ചൈന, ഫ്രാൻസ്, റഷ്യ, അമേരിക്ക എന്നിവയും ജർമ്മനിയും വിയന്നയിൽ ഒരു കരാറിൽ എത്തി.12 വർഷത്തെ പ്രതിസന്ധിക്കും 21 മാസത്തെ നീണ്ട ചർച്ചകൾക്കും ശേഷം ഉപരോധങ്ങൾ ഒഴിവാക്കുന്നതിന് പകരമായി, ജോയിന്റ് കോംപ്രിഹെൻസീവ് പ്ലാൻ ഓഫ് ആക്ഷൻ (ജെസിപിഒഎ) എന്ന് വിളിക്കപ്പെടുന്ന ഈ കരാർ, ഇറാൻ്റെ ആണവ പദ്ധതിയിൽ കാര്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇറാനെതിരായ ലോക രാഷ്ട്രങ്ങളുടെ ഉപരോധം എടുത്തു മാറ്റുന്നതിന് പകരമായി ഇറാന്‍ അവരുടെ ആണവ പരിപാടി പരിമിതപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടു കൊണ്ടുള്ള കരാറാണ് ജെസിപിഒഎ. വിയന്നയില്‍ 2015 ജൂലൈ 14നാണ് ഈ കരാറിന് അന്തിമ രൂപം നല്‍കിയത്. ഇറാനും ഐക്യരാഷ്‌ട്ര രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ചൈന, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, അമേരിക്ക തുടങ്ങിയ രാജ്യങ്ങളും ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും തമ്മിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.
സംയുക്ത കര്‍മ്മ പദ്ധതി സ്വീകരിച്ചതോടെ ഔദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഇടക്കാല കരാര്‍ ഇറാനും മറ്റുള്ളവരുമായി ഒപ്പു വച്ചു. തുടര്‍ന്ന് 20 മാസത്തോളം ഈ രാജ്യങ്ങള്‍ ചര്‍ച്ച നടത്തി. ജെസിപിഒഎ പ്രകാരം സമാധാന ആവശ്യങ്ങള്‍ക്ക് മാത്രമായി ഇറാന്‍ ആണവ പദ്ധതി ഉപയോഗിക്കാമെന്ന് ഇറാന്‍ സമ്മതിച്ചു. യുറേനിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ സമ്പുഷ്‌ടീകരണം കുറച്ചു. ഇവയുടെ സംഭരണത്തിലും കുറവ് വരുത്തി. വൈദ്യം, വാണിജ്യ ഗവേഷണം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് മാത്രമായി ഇവയുടെ പ്രവര്‍ത്തനം ക്രമപ്പെടുത്താമെന്ന ധാരണയിലെത്തി. ഇതിന് പകരമായി അമേരിക്കയും ഐക്യരാഷ്‌ട്രസഭയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിച്ചു. അതേസമയം ആണവ വിഷയവുമായി ബന്ധപ്പെട്ടല്ലാത്ത ഇറാന്‍റെ മിസൈല്‍ പദ്ധതി, ഭീകരരെ പിന്തുണയ്ക്കല്‍, മനുഷ്യാവകാശ ചരിത്രം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഉപരോധങ്ങള്‍ തുടര്‍ന്നു. ഇത് അവരുടെ സമ്പദ്ഘടനയുടെ പുനരുജ്ജീവനം പരിമിതപ്പെടുത്തി. സമാധാനപരമായ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം ഉപയോഗിക്കുന്നതിന് ഇറാനെ അനുവദിക്കുന്നതിനും ഐക്യ രാഷ്ട്ര സഭയുടെ ഉപരോധം നീക്കുന്നതിനും സമയക്രമം നിശ്ചയിക്കാനും കരാറില്‍ വ്യവസ്ഥയുണ്ടായിരുന്നു.കരാര്‍ 2016 ജനുവരി 20ന് നിലവില്‍ വന്നു. പ്രതീക്ഷിച്ചതു പോലെ ഇസ്രയേല്‍, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ ഇതിനെ വിമര്‍ശിച്ച് രംഗത്ത് എത്തി.അമേരിക്കയിലും കരാറിനെതിരെ പ്രതിഷേധമുയര്‍ന്നു.ഡൊണാൾഡ് ട്രംപ് ആദ്യ പ്രസിഡന്റായിരുന്ന കാലത്ത് 2018 മെയ് എട്ടിന് അമേരിക്ക അതിൽ നിന്ന് പിന്മാറുകയും ഇറാനിൽ വീണ്ടും ഉപരോധങ്ങൾ ഏർപ്പെടുത്തുകയും ചെയ്‌തതോടെ കഷ്‌ടപ്പെട്ട് നേടിയെടുത്ത കരാർ ചുരുളഴിയാൻ തുടങ്ങി.യുഎസ് പിന്മാറ്റത്തെ തുടർന്ന്, ഇറാൻ തങ്ങളുടെ ആണവ പ്രവർത്തനങ്ങൾ വർദ്ധിപ്പിച്ചു കൊണ്ട് തിരിച്ചടിച്ചു എന്ന് റസാന ഇൻ്റെർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇറാനിയൻ സ്റ്റഡീസിലെ അസോസിയേറ്റ് ഗവേഷകനായ ക്ലെമന്റ് തെർമെ വെളിപ്പെടുത്തിയിരുന്നു
ഉപരോധങ്ങൾ മറികടക്കാൻ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനും സഹായം നേടുന്നതിനുമായി ഇറാൻ “ഒരു സംഘർഷം രൂക്ഷമാക്കുന്ന തന്ത്രം സ്വീകരിച്ചു” -എന്ന് തെർമിൻ്റെ അഭിപ്രായപ്പെട്ടു. എന്നാൽ ടെഹ്‌റാൻ്റെ നീക്കങ്ങൾ വിജയിച്ചില്ല. അതിന് “അമിതമായ സാമ്പത്തിക വില” നൽകേണ്ടി വന്നു.കരാർ പ്രകാരം നിശ്ചയിച്ചിരുന്ന 3.67 ശതമാനം എന്ന പരിധി ലംഘിച്ചു കൊണ്ട് ഇറാൻ ആദ്യം യുറേനിയം സമ്പുഷ്ടീകരണം അഞ്ച് ശതമാനമാക്കി ഉയർത്തി. 2021ൽ സമ്പുഷ്ടീകരണ അളവ് 20 ആയും പിന്നീട് 60 ശതമാനമായും ഉയർത്തി. ആയുധങ്ങളിൽ ഉപയോഗിക്കുന്നതിന് ആവശ്യമായ 90 ശതമാനത്തിൽ നിന്ന് ഒരു ചെറിയ ചുവടുവെയ്പ്പാണിത്.കരാർ പ്രകാരം 202.8 കിലോഗ്രാം ആയി നിശ്ചയിച്ചിരുന്ന സമ്പുഷ്ട യുറേനിയത്തിൻ്റെ ശേഖരം ഇറാൻ വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാൻ്റെ മൊത്തം സമ്പുഷ്‌ട യുറേനിയം ശേഖരം നിലവിൽ ആ പരിധിയുടെ 45 മടങ്ങ് കൂടുതലാണെന്ന് കരുതപ്പെടുന്നു.
അതിനുശേഷം, ടെഹ്‌റാൻ അനുവദനീയമായ സെൻട്രിഫ്യൂജുകളുടെ എണ്ണം യുറേനിയം സമ്പുഷ്ടമാക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങൾ കൂട്ടി. അതേസമയം, അതിൻ്റെ പ്ലാന്റുകളിൽ നൂതന മോഡലുകൾ ഉപയോഗിച്ച് കൂടുതൽ വസ്‌തുക്കൾ വേഗത്തിൽ ഉത്പാദിപ്പിക്കാൻ തുടങ്ങി.2022-ലെ വേനൽക്കാലം മുതൽ യൂറോപ്യൻ നേതൃത്വത്തിലുള്ള ചർച്ചകൾ നിർത്തി വച്ചിരിക്കുന്നതിനാൽ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങൾ ഇതുവരെ ഫലവത്തായില്ല.ട്രംപ് വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷം വാഷിംഗ്ടണും ഇറാനും തമ്മിലുള്ള ചർച്ചകൾ ഏപ്രിലിൽ ഒമാന്റെ മധ്യസ്ഥതയിൽ പുനരാരംഭിച്ചു.ഇറാൻ ഒടുവിൽ ഒരു ആണവ കരാറിൽ ഒപ്പുവെക്കുമെന്ന് യുഎസ് പ്രസിഡന്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിരവധി സൈനിക, ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ടുള്ള ഇസ്രായേൽ ആക്രമണങ്ങൾ നയതന്ത്രത്തിന് ഒരു പ്രഹരമാണെന്ന് ടെഹ്‌റാൻ പറഞ്ഞു.ഇസ്രായേലിനെ പിന്തുണക്കുന്നതിനായി വാഷിംഗ്ടൺ “നിയമ വിരുദ്ധമായ പ്രവൃത്തികളോ കുറ്റകൃത്യങ്ങളോ അവസാനിപ്പിക്കില്ല” എന്നാണ് യുഎസ് ബോംബാക്രമണങ്ങൾ തെളിയിക്കുന്നതെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞത്.
ഐഎഇഎ പരിശോധകരെ വിലക്കിയതോടെ ജിസിപിഒഎയുടെ ഭാഗമായി നിലനിന്നിരുന്ന അവസാന സുതാര്യതയും ഇല്ലാതായിരിക്കുകയാണ്. ഇറാന്‍ തങ്ങളുടെ ആണവ പരിപാടികള്‍ സമാധാനപരമായി ഉപയോഗിച്ചാലും അവരെ സംശയ ദൃഷ്‌ടിയോടെ മാത്രമേ മറ്റുള്ളവര്‍ കാണൂ ഇത് തന്ത്രപമായ ഉത്കണ്‌ഠ വളര്‍ത്തുകയും സംഘർഷ സാധ്യത നിലനിർത്തുകയും ചെയ്യും.
ഐഎഇഎയുടെ ആധികാരികത തന്നെ ചോദ്യം ചെയ്യുന്നതാണ് ഇറാന്‍റെ നടപടി. യൂറോപ്പ്, ചൈന, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ജെസിപിഒഎയ്ക്ക് വേണ്ടി നടത്തിയ ശ്രമങ്ങളെല്ലാം പാഴാക്കിയിരിക്കുന്നു. പരിശോധനകള്‍ ഇല്ലാതിരിക്കെ, ഇറാന്‍റെ ആണവ ശേഷി വര്‍ദ്ധിക്കുന്നുവെന്ന ഊഹാപോഹങ്ങള്‍ പരക്കുമ്പോള്‍ ,സൗദി അറേബ്യ, തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ സമാന്തര ആണവപരിപാടികളെക്കുറിച്ച് ചിന്തിക്കുന്നു.