വാഴക്കൂമ്പ് തോരൻ ഒരു നൊസ്റ്റാൾജിയ ഉണർത്തുന്ന വിഭവം തന്നെയാണ് ഒരിക്കൽ കഴിച്ചാൽ പിന്നെ ഒരിക്കലും വേണ്ടെന്ന് വെക്കില്ല. ചെറുപയർ വാഴക്കൂമ്പ് തോരൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
വാഴക്കുമ്പ് – 1
ചെറുപയർ – അര കപ്പ്
തേങ്ങ ചിരകിയത് – ഒരു കപ്പ്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
മുളകുപൊടി- ഒരു ടീസ്പൂൺ
ജീരകപ്പൊടി -അര ടീസ്പൂൺ
വെളുത്തുള്ളി ചതച്ചത് – 4 അല്ലി
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
കടുക് – ഒരു ടീസ്പൂൺ
കറിവേപ്പില
ഉണക്ക മുളക് – 2
തയ്യാറാക്കുന്ന വിധം
വാഴക്കൂമ്പിലെ ഏറ്റവും മുകളിലത്തെ 6 മുതൽ 8 വരെ ഇതളുകൾ അടർത്തി മാറ്റുക. ചെറുപയർ ഒരു കപ്പ് വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ച് വയ്ക്കണം. വാഴക്കൂമ്പ് വലിയ കഷ്ണങ്ങളാക്കി മുറിച്ചു മിക്സിയിൽ 5 തവണ പൾസ് ബട്ടൺ അമർത്തുക. ഇതിലേക്ക് നികക്കെ വെള്ളമൊഴിച്ച് വീണ്ടും പൾസ് ബട്ടൺ അഞ്ച് തവണ അമർത്തുക. കൂമ്പ് ഒരുപാട് അരഞ്ഞ് പോകാതെ ശ്രദ്ധിക്കണം. ഇനി കൂമ്പ് കൈകൊണ്ട് നന്നായി പിഴിഞ്ഞെടുക്കണം. ശേഷം ഒരു പാത്രത്തിൽ നിരത്തി ഇതിൽ നിന്ന് വലിയ കഷ്ണങ്ങളും നാരുകളും ഉണ്ടെങ്കിൽ എടുത്തു മാറ്റുക. ശേഷം അരക്കപ്പ് വെള്ളവും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക. വെന്ത കൂമ്പിലേക്ക് തേങ്ങ ചിരകിയത്, മഞ്ഞൾപ്പൊടി, മുളകുപൊടി, ജീരകപ്പൊടി, ചതച്ച വെളുത്തുള്ളി ആവശ്യത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ചുവടു കട്ടിയുള്ള ഒരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി, കടുക് പൊട്ടിച്ച് ഉണക്കമുളകും കറിവേപ്പിലയും വഴറ്റുക. ഇതിലേക്ക് കൂമ്പും വേവിച്ച ചെറുപയറും ആവശ്യമെങ്കിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക.
STORY HIGHLIGHT : Vazhakkoomb Thoran