ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ് 135 അടിയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ജലനിരപ്പ് 136 അടിയിലെത്തിയാൽ സ്പിൽവേ ഷട്ടർ വഴി വെള്ളം പുറത്തേക്ക് ഒഴുക്കാൻ സാധ്യത ഉണ്ടെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവരടക്കം ജാഗ്രത പാലിക്കണം എന്നാണ് അധികൃതര്‍ നല്‍കുന്ന നിര്‍ദേശം.
2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. ഇടുക്കിയിൽ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് മഴ കുറവുണ്ടെങ്കിലും ഇടവിട്ട് മഴ തുടരുകയാണ്. സെക്കന്റിൽ 6084 ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. എന്നാൽ സെക്കന്റിൽ 1867 ഘനയടി വെള്ളം മാത്രമാണ് തമിഴ്‌നാട് കൊണ്ടു പോകുന്നത്. ഈ സ്‌ഥിതി തുടർന്നാൽ 28 സ്പിൽ വേ ഷട്ടർ ഉയർത്തേണ്ടി വരുമെന്ന് തമിഴ്‌നാട് വ്യക്തമാക്കിയിട്ടുണ്ട്. ജലനിരപ്പ് 136 അടിയിൽ എത്തിയാൽ സ്പില്‍വേ വഴി വെള്ളം പുറത്തേക്ക് ഒഴുക്കും.