തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിയിലാണ് വി എസ്. കഴിഞ്ഞദിവസം വി.എസിനെ ന്യൂറോ സംബന്ധമായ വിദഗ്ധ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തിലും വ്യതിയാനം ഉണ്ടായിട്ടുണ്ട്.
വിവിധ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ അദ്ദേഹത്തിന്റെ ശ്വസനവും രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ശ്രമിക്കുകയാണെന്നാണ് ഡോക്ര്‍മാര്‍ ഇന്നലെ അറിയിച്ചത്. വിദഗ്ധ ഡോക്ടർമാരടങ്ങിയ മെഡിക്കൽ സംഘമാണ് വിഎസിനെ പരിചരിക്കുന്നത്. ഡയാലിസിസിന് വിധേയമാക്കിയ വിഎസിന്റെ ആരോഗ്യനിലയിൽ ഇന്നത്തെ ദിവസം നിർണായകമാണ്. പുറത്തേക്കുള്ള യൂറിന്റെ അളവ് കൂട്ടാൻ ഡയാലിസിസ് നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 72 മണിക്കൂർ നിരീക്ഷണത്തിന് ശേഷം മാത്രമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂവെന്നാണ് മെഡിക്കൽ സംഘത്തിന്‍റെ വിലയിരുത്തൽ.
ഇടയ്ക്കിടെ ഇസിജിയിലും വ്യതിയാനം ഉണ്ടാകുന്നുണ്ട്. ഇന്നലെ ഇസിജി ടെസ്റ്റിന് വി.എസിനെ വിധേയമാക്കിയിരുന്നു. ഇതിന്‍റെയടക്കമുള്ള പരിശോധനാഫലത്തിന് ശേഷമായിരിക്കും മെഡിക്കൽ സംഘം കൃത്യമായ നിഗമനത്തിൽ എത്തുക. കഴിഞ്ഞദിവസവും മന്ത്രിമാർ അടക്കമുള്ളവർ ആശുപത്രിയിലെത്തി ഡോക്ടർമാരുമായും വി.എസിന്റെ കുടുംബാംഗങ്ങളുമായും ആശയവിനിമയം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെയാണ് വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെന്റിലേറ്ററിന്റെ സഹായത്തോടെ അതിതീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസ്.