തിരുവനന്തപുരം: നിലമ്പൂരില്‍ മുന്‍ എംഎല്‍എയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ പി വി അന്‍വറിന്റെ സ്വാധീനം മനസിലാക്കാന്‍ സാധിച്ചില്ലെന്ന് സിപിഐഎം സംസ്ഥാന സമിതി. അൻവർ പിടിക്കുന്ന വോട്ട് കുറച്ച് കാണിക്കാന്‍ കീഴ്ഘടകങ്ങള്‍ തുടക്കം മുതല്‍ ശ്രമിച്ചെന്നും വിമര്‍ശനം. അതുകൊണ്ട് കാര്യമായ പ്രചാരണം അന്‍വറിനെതിരെ നടത്താന്‍ കഴിഞ്ഞില്ലെന്നുമാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ വിലയിരുത്തല്‍.
അന്‍വര്‍ ഇടതുപക്ഷത്തിന് ലഭിക്കേണ്ട വോട്ടുകള്‍ പിടിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിരുദ്ധ വോട്ടുകള്‍ അധികവും കിട്ടിയത് അന്‍വറിനാണെന്നും സംസ്ഥാന സമിതി വിലയിരുത്തി. ഇന്നും സംസ്ഥാന സമിതി തുടരുന്നുണ്ട്. അന്‍വറിനെ വേണ്ട വിധം ഗൗരവത്തിലെടുക്കാത്തതിനെ കുറിച്ച് സെക്രട്ടറിയേറ്റിലും വിലയിരുത്തലുണ്ടായി.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം ചര്‍ച്ച ചെയ്ത സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പരോക്ഷവിമര്‍ശനമുണ്ടായിരുന്നു. ആര്‍എസ്എസ് പിന്തുണ പരാമര്‍ശത്തിലാണ് ഗോവിന്ദന്റെ പേര് പറയാതെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവും എളമരം കരീമും വിമര്‍ശിച്ചത്. നിലമ്പൂരില്‍ മാത്രമല്ല, പാര്‍ട്ടിയെ കാലങ്ങളോളം ഈ വിവാദം വേട്ടയാടുമെന്നും ഒരു ബാധ്യതയാകുമെന്നും ഇരുവരും വിമര്‍ശിച്ചു.