പൊലീസ് യുണിഫോം ധരിച്ച വാട്സാപ്പ് കോളിലെ വെര്‍ച്വല്‍ അറസ്റ്റിലൂടെ തിരുവനന്തപുരം കൊഞ്ചിറ സ്വദേശിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍. തിരുനെല്‍വേലി കുലശേഖരപ്പെട്ടി സ്വദേശി പേച്ചികുമാര്‍ (27), തെങ്കാശി മാതാപുരം സ്വദേശി പി ക്രിപ്‌സണ്‍ (28) എന്നിവരെയാണ് പിടികൂടിയത്.
കോടികളുടെ ക്രിപ്റ്റോ ഇടപാടുകള്‍ ഇവരുടെ അക്കൗണ്ടില്‍നിന്ന് കണ്ടെത്തി. തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് ആണ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ നിരവധി പേരില്‍നിന്ന് ഇത്തരത്തില്‍ പണം തട്ടിയെടുത്ത് പണം ക്രിപ്‌റ്റോ കറന്‍സിയായി നിക്ഷേപിക്കുകയാണ് പതിവെന്ന് പൊലീസ് പറയുന്നു.
വെര്‍ച്വല്‍ അറസ്റ്റ് നടത്തിയതായി വിശ്വസിപ്പിച്ച് പ്രതികള്‍ 12 ദിവസത്തോളം തിരുവനന്തപുരം സ്വദേശിയെ വിളിച്ച് ഭീഷണിപ്പെടുത്തി. തിരുവനന്തപുരം സ്വദേശി അഷ്‌റഫിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്തതായി വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. വിശ്വാസം നേടിയെടുക്കാന്‍ അറസ്റ്റ് വാറന്റ് ഉള്‍പ്പെടെ നല്‍കിയിരുന്നു.
വിശദ പരിശോധനയ്ക്ക് അക്കൗണ്ടിലേക്ക് പണം അയച്ചുതരണമെന്നും ആവശ്യപ്പെട്ട തോടെയാണ് പണം അയച്ചുകൊടുത്തത്. പണം തിരിച്ചു കിട്ടാതായതോടെയാണ് തട്ടിപ്പ് മനസ്സിലായത്. തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ സൈബര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സൈബര്‍ പൊലീസ് ബാങ്ക് വിവരങ്ങള്‍ പരിശോധിച്ച് പേച്ചികുമാറി (26) നെ അറസ്റ്റ് ചെയ്തു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ക്രിപ്‌സണെക്കുറിച്ച് വിവരം ലഭിച്ചത്.