തെലങ്കാന ജൊഗുല്‍ബ ഗഡ്വാള്‍ ജില്ലയില്‍ കാണാതായ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയും ആണ്‍സുഹൃത്തും അറസ്റ്റില്‍. ഐശ്വര്യ (23), തിരുമല റാവു (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നൃത്ത അധ്യാപകനും പ്രൈവറ്റ് ലാന്‍ഡ് സര്‍വ്വേയറുമായ ഗന്‍ഡ തേജേശ്വറിനെയാണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണ്‍ 17 മുതല്‍ ഗന്‍ഡയെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതും ഭാര്യയും കാമുകനും അറസ്റ്റിലാവുന്നതും.
ജൂണ്‍ 21 ന് ആന്ധപ്രദേശിലെ കുര്‍നൂല്‍ ജില്ലയില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കേസില്‍ നിര്‍ണ്ണായകമായത്. തേജേശ്വര്‍ നാല് പേര്‍ക്കൊപ്പം കാറില്‍ കയറിപോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു.
2024 ഡിസംബറിലാണ് തേജേശ്വറും ഐശ്വര്യയും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്. വിവാഹ ശേഷവും ഐശ്വര്യ തിരുമലയുമായി ബന്ധം തുടരുകയായിരുന്നുവെന്നും ബന്ധം പുറത്തറിഞ്ഞതോടെ ഐശ്വര്യയും തിരുമലയും തേജേശ്വറിനെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നുവെന്നുമാണ് എസ് പി പറയുന്നത്.