കെ.എസ്.ഇ.ബി. പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പ്രത്യേക വെബ്‌പോര്‍ട്ടല്‍ നിലവില്‍വന്നു. ots.kseb.in എന്ന വെബ്‌പോര്‍ട്ടലിലൂടെ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസില്‍ പോകാതെ തന്നെ ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഈ പദ്ധതിയുടെ ഭാഗമാകാന്‍ കഴിയും. മുമ്പെങ്ങുമില്ലാത്തത്ര ആകര്‍ഷകമായ ഇളവുകളോടെ അവതരിപ്പിച്ചിരിക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ 2 വര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള കുടിശ്ശികകളാണ് തീര്‍പ്പാക്കാന്‍ കഴിയുക.
10 കൊല്ലത്തിനു മുകളില്‍ പഴക്കമുള്ള കുടിശ്ശികയുടെ 18 ശതമാനം നിരക്കില്‍ വരുന്ന പലിശ പൂര്‍ണ്ണമായും ഒഴിവാക്കി നല്‍കും. 5 മുതല്‍ 10 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 4 ശതമാനം മാത്രമായിരിക്കും പലിശ. 2 മുതല്‍ 5 വര്‍ഷം വരെയുള്ള കുടിശ്ശികയ്ക്ക് 18 ശതമാനത്തിനു പകരം 6 ശതമാനം പലിശ നല്‍കിയാല്‍ മതിയാകും. പലിശ തുക 6 മാസത്തെ തുല്യഗഡുക്കളായി അടയ്ക്കാനും അവസരമുണ്ട്. മുതലും പലിശയും ഒരുമിച്ച് അടച്ചുതീര്‍ക്കുന്നവര്‍ക്ക് മുതലില്‍ 5% അധിക ഇളവും ലഭിക്കും. ദീര്‍ഘകാല കുടിശ്ശിക തീര്‍പ്പാക്കാന്‍ കെ.എസ്.ഇ.ബി ഇത്രയേറെ ഇളവുകള്‍ നല്‍കുന്നത് ഇതാദ്യമാണ്.
റെവന്യൂ റിക്കവറി നടപടികള്‍ പുരോഗമിക്കുന്നതോ, കോടതി വ്യവഹാര- ത്തിലുള്ളതോ ആയ കുടിശ്ശികകളും ഈ പദ്ധതിയിലൂടെ തീര്‍പ്പാക്കാന്‍ അവസരമുണ്ട്. അത്തരം കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതിന്, ലോ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ അതത് സെക്ഷന്‍ ഓഫീസിലും ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ സ്പെഷ്യല്‍ ഓഫീസര്‍ റെവന്യൂ കാര്യാലയത്തിലുമാണ് ബന്ധപ്പെടേണ്ടത്.
CONTENT HIGH LIGHTS; KSEB dues settlement in one go: Now also through web portal