India

കൊല്‍ക്കത്തയിൽ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവം; കൂടുതല്‍ വിവരങ്ങള്‍ പുറത്ത് – kolkata law student gangrape case

പശ്ചിമബംഗാളില്‍ നിയമവിദ്യാര്‍ഥിനി കോളേജ് ക്യാമ്പസിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഖ്യപ്രതി മനോജിത് മിശ്രയുടെ വിവാഹാഭ്യാര്‍ഥന നിരസിച്ചതിന് പിന്നാലെയാണ് തനിക്ക് ഈ ക്രൂരത നേരിടേണ്ടിവന്നതെന്ന് പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ അറസ്റ്റിലായതായി പോലീസ് അറിയിച്ചു. ലോ കോളേജിലെ മുൻ വിദ്യാർഥിയും വിദ്യാർഥി നേതാവുമായ മനോജിത് മിശ്ര, നിലവിലെ വിദ്യാർഥികളായ സായിബ് അഹമ്മദ്, പ്രമിത് മുഖോപാധ്യായ എന്നിവരാണ് അറസ്റ്റിലായത്.

മനോജിത് മിശ്ര തന്നെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നെന്നും എന്നാല്‍ മറ്റൊരാളുമായി പ്രണയത്തിലായതിനാല്‍ വിവാഹാഭ്യാര്‍ഥന നിരസിച്ചു. ഇതേത്തുടര്‍ന്ന് മാതാപിതാക്കളെ വ്യാജകേസുകളില്‍ കുടുക്കുമെന്നും ആണ്‍സുഹൃത്തിനെ ഉപദ്രവിക്കുമെന്നും മൊനോജിത് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവദിവസം മൂവരും ചേര്‍ന്ന് തടഞ്ഞുനിര്‍ത്തുകയും ശാരീരികബന്ധത്തിന് മുതിരുകയും ചെയ്തു. മനോജിതിന്റെ കാലുപിടിച്ച് അപേക്ഷിച്ചിട്ടും വെറുതെവിടാന്‍ കൂട്ടാക്കിയില്ലെന്നും ഗാര്‍ഡ് റൂമിലെത്തിച്ചാണ് ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ പകര്‍ത്തുകയും ആശുപത്രിയില്‍ എത്തിക്കാന്‍ അഭ്യര്‍ഥിച്ചെങ്കിലും പ്രതികള്‍ അതിന് തയ്യാറായില്ല. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

STORY HIGHLIGHT: kolkata law student gangrape case