തിരുവനന്തപുരം: ഭാരതാംബ വിഷയത്തിൽ ഗവർണർക്ക് മന്ത്രിസഭയുടെ കത്ത്. ഔദ്യോഗിക പരിപാടികളിൽ ത്രിവർണപതാക മാത്രമേ പാടുള്ളൂ എന്നും മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ് എന്നും ഗവർണർ രാജേന്ദ്ര ആര്‍ലേക്കറിന് സംസ്ഥാന മന്ത്രിസഭ അയച്ച കത്തിൽ പറയുന്നു.
കാവിപ്പതാകയെന്തിയ ഭാരതാംബയോടുള്ള എതിര്‍പ്പിനുള്ള കാരണം വിശദീകരിച്ചുകൊണ്ടാണ് മന്ത്രിസഭ കത്ത് നൽകിയത്. സാമുദായികമോ സാമൂഹികമോ ആയ പരിഗണനകള്‍ ദേശീയപതാക രൂപകല്പന ചെയ്തപ്പോള്‍ ഉണ്ടായിരുന്നില്ല. 1947-ലെ ഭരണഘടനാ അസംബ്ലിയിലെ ചര്‍ച്ചയെ ഉദ്ധരിച്ചാണ് കത്തിൽ സർക്കാരിന്റെ വിശദീകരണം.
ഔദ്യോഗികമായ പൊതുപരിപാടിയില്‍ ത്രിവര്‍ണപതാക മാത്രമേ പാടുള്ളൂ. മറ്റേത് ചിഹ്നവും ദേശീയ പതാകയെയും ദേശീയ ചിഹ്നത്തെയും അപമാനിക്കുന്നതിന് തുല്യമാണ്. രാജ്ഭവന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ദേശീയ ചിഹ്നവും ദേശീയ പതാകയും ഉറപ്പാക്കണം. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ രാജ്ഭവന്‍ ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
വിഷയത്തില്‍ എതിര്‍പ്പറിയിച്ച് കഴിഞ്ഞ ദിവസം മന്ത്രി വി. ശിവന്‍കുട്ടിക്കെതിരേ ഗവര്‍ണര്‍ കത്തയച്ചിരുന്നു. തുടര്‍ന്നാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കത്തുനല്‍കിയത്. ആര്‍എസ്എസ് പരിപാടികളില്‍ ഉപയോഗിക്കുന്ന ഭാരതാംബ ചിത്രം രാജ്ഭവനില്‍ ഉപയോഗിക്കുന്നതിലെ വിയോജിപ്പ് അറിയിച്ചുള്ളതാണ് കത്ത്.