ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ മരുമകളെ ഉറക്കഗുളിക നൽകി ബലാത്സംഗം ചെയ്ത് കൊന്നു കുഴിച്ചുമൂടി. സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഉത്തര്‍പ്രദേശ് സ്വദേശിയായ ഇരുപത്തിനാലുകാരി ആണ് കൊല്ലപ്പെട്ടത്. കേസിൽ ഭർത്താവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവിന്റെ സഹോദരി ഉള്‍പ്പെടെ പോലീസിന്റെ പിടിയിലായി.
കൊലയ്ക്ക് മുൻപ് യുവിയെ ഭർത്താവിന്റെ പിതാവ് ഉറക്കഗുളിക കൊടുത്ത് മയക്കി ബലാത്സംഗം ചെയ്തതായും പോലീസ് പറഞ്ഞു. യുവതിയുടെ ജഡം ഭർത്താവിന്റെ വീടിന് സമീപത്തെ പത്തടി താഴ്ചയുള്ള കുഴിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കുഴി സ്ലാബ് കൊണ്ട് മൂടിയനിലയിലായിരുന്നു.
യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവിന്റെ കുടുംബംതന്നെ നൽകിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കഴിഞ്ഞ ഏപ്രിലിലാണ് കൊല നടന്നത്. സംഭവത്തില്‍ ഭര്‍തൃപിതാവ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഇയാൾ മൂന്നു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ്.
മൃതദേഹം ഇക്കഴിഞ്ഞ 21-ന് ഭര്‍തൃവീടിന് പുറത്ത് പത്തടി താഴ്ചയുള്ള കുഴിയില്‍നിന്ന് കണ്ടെടുത്തു. സ്ലാബുകൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലെ ശികോഹാബാദ് സ്വദേശിയായ യുവതിയും ഫരീദാബാദ് സ്വദേശിയും തമ്മില്‍ 2023-ലാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാളുകളില്‍ത്തന്നെ സ്ത്രീധനം സംബന്ധിച്ച തര്‍ക്കങ്ങളുണ്ടാവുകയും യുവതിക്ക് മർദനമേൽക്കേണ്ടിവരികയും ചെയ്തു. ഭര്‍തൃവീട്ടില്‍ നിരന്തര പീഡനം അനുഭവിച്ചിരുന്നതായും വിവാഹം കഴിഞ്ഞ് മാസങ്ങള്‍ക്കകംതന്നെ അവള്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിവന്നിരുന്നതായും കൊല്ലപ്പെട്ട യുവതിയുടെ സഹോദരി പറഞ്ഞു. ഭര്‍തൃവീട്ടിലെ മോശം പെരുമാറ്റം കാരണം ഒരുവര്‍ഷത്തോളം യുപിയിലെ സ്വന്തം വീട്ടില്‍ കഴിഞ്ഞിരുന്നതായും സഹോദരി വ്യക്തമാക്കി. സ്ത്രീധനം സംബന്ധിച്ച പ്രശ്‌നങ്ങളാകാം കൊലപാതത്തിലേക്ക് നയിച്ചതെന്നാണ് സഹോദരിയുടെ സംശയം.
പോലീസ് പറയുന്നതനുസരിച്ച്, കഴിഞ്ഞ ഏപ്രില്‍ 14-ലാണ് യുവതിയെ കൊലപ്പെടുത്താനുള്ള ആസൂത്രണം സംബന്ധിച്ച അന്തിമ തീരുമാനമായത്. ഭര്‍ത്താവും ഭര്‍തൃമാതാവും ഉള്‍പ്പെടെയാണ് പദ്ധതി തയ്യാറാക്കിയത്. സംഭവദിവസം സ്ഥലത്തില്ലായിരുന്നെന്ന വിധത്തില്‍ തെളിവ് നശിപ്പിക്കാന്‍ ഉദ്ദേശിച്ച്, ഭര്‍തൃമാതാവിനെ ഉത്തര്‍പ്രദേശിലെ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞയച്ചു. ഏപ്രില്‍ 21-ന് രാത്രി യുവതിയുടെയും വീട്ടിലുണ്ടായിരുന്ന തന്റെ സഹോദരിയുടെയും ഭക്ഷണത്തില്‍ ഭര്‍ത്താവ് ഉറക്കഗുളിക കലര്‍ത്തി. ഇതോടെ ബോധരഹിതരായ രണ്ട് സ്ത്രീകളും രണ്ട് മുറികളിലായി ഉറങ്ങി.
തുടര്‍ന്ന് അര്‍ധരാത്രിയായതോടെ ഭര്‍തൃപിതാവ് മരുമകളെ കൊലപ്പെടുത്താനായി മുറിയില്‍ക്കയറി. കൊലപ്പെടുത്തുംമുന്‍പ് ബോധരഹിതയായിക്കിടന്നിരുന്ന മരുമകളെ ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നതായി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യം കൊലപാതകം സംബന്ധിച്ച് അറിയുമായിരുന്ന ഭാര്യയോടോ മകനോടോ പറയാതെ രഹസ്യമാക്കി വെച്ചെന്നും പോലീസ് പറയുന്നു. കൊലപാതകം നടത്തിയശേഷം പിതാവ് മകനെ വീടിന്റെ മുകൾനിലയിലേക്ക് വിളിച്ചു. തുടര്‍ന്ന് ഇരുവരും യുവതിയുടെ മൃതദേഹം പൊതിഞ്ഞുകെട്ടി നേരത്തേ വീടിനോടു ചേര്‍ന്ന് നേരത്തെയെടുത്ത കുഴിയിലിട്ട് മൂടി.
ഡ്രെയിനേജ് ആവശ്യത്തിനെന്ന് അയല്‍വാസികളെ തെറ്റിദ്ധരിപ്പിച്ചാണ് കുഴിയെടുത്തത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചായിരുന്നു നീക്കം. ആ ദിവസങ്ങളില്‍ യുവതി ജീവിച്ചിരുന്നതിനാല്‍ സംശയത്തിനിടയാക്കിയതുമില്ല. മരുമകളെ കുഴിയില്‍ അടക്കിയശേഷം മണ്ണും കല്ലുമിട്ട് മൂടി. തുടര്‍ന്ന് ദിവസങ്ങള്‍ കഴിഞ്ഞ് മുകളില്‍ ഒരു കോണ്‍ക്രീറ്റ് സ്ലാബും പണിതു. കുഴിയില്‍നിന്ന് ഭാഗികമായി കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ ഭര്‍ത്താവ്, ഭര്‍തൃപിതാവ്, ഭര്‍തൃമാതാവ്, ഭര്‍തൃപിതാവിന്റെ സഹോദരി ഉള്‍പ്പെടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
















