കൊച്ചി: ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസം, ‘മതേതരത്വം’ എന്നീ പദങ്ങള്‍ ഒഴിവാക്കണമെന്ന ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബളെയുടെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയെന്ന ആശയം രൂപപ്പെട്ടിരിക്കുന്നത് മനുസ്മൃതിയില്‍ നിന്നല്ലെന്നും മറിച്ച് ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്നും ആര്‍എസ്എസ് ഓര്‍ക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിട്ടു.
ഹൊസബാളെയുടെ പ്രസ്താവന അപലപനീയമാണെന്നും ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ പിന്നില്‍ നിന്ന് കുത്തിയ ആര്‍എസ്എസിന് ഇന്ത്യന്‍ റിപബ്ലിക്കിന്റെ ആശയപരിസരങ്ങളോട് അമര്‍ഷം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ഭരണഘടനയുടെ ആമുഖം പുനപരിശോധിക്കാനുള്ള ഈ ആഹ്വാനം ഇന്ത്യന്‍ റിപ്പബ്ലിക്കിനോടുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി കുറിച്ചു.
അടിയന്തരാവസ്ഥ നടപ്പിലാക്കിയ ഇന്ദിരാ ഗാന്ധി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ആര്‍എസ്എസ് നേതാവ് ഹൊസബാളെയുടെ വിവാദ പരാമര്‍ശം. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയ കോണ്‍ഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട ഹൊസബാളെ ഇന്ത്യയിലെ ജനാധിപത്യത്തെ നിര്‍വചിക്കുന്ന മതേതരത്വം, സോഷ്യലിസം തുടങ്ങിയ പദങ്ങള്‍ ഭരണഘടനയില്‍ തിരുകിക്കയറ്റിയതാണെന്നും ഈ വാക്കുകള്‍ അവിടെ തുടരണമോ എന്ന് നാം ചിന്തിക്കണമെന്നും പറഞ്ഞു.
അടിയന്തരാവസ്ഥ നടപ്പിലാക്കിയവരാണ് ഇന്ന് ഭരണഘടനയുടെ പകര്‍പ്പുമായി നടക്കുന്നത്. അവര്‍ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങളുടെ പൂര്‍വ്വികരാണ് അത് ചെയ്തത്. രാജ്യത്തിന് വേണ്ടി കോണ്‍ഗ്രസ് മാപ്പ് പറയണം എന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ ഉന്നമിട്ടായിരുന്നു പരാമര്‍ശം.
അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ സാംസ്‌കാരിക മന്ത്രാലയത്തിന്റെ ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ദി ആര്‍ട്സ്, അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍, ഹിന്ദുസ്ഥാന്‍ സമാചാര്‍ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഹൊസബളെ.