തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല നടത്തിയ സമൂഹനടത്തത്തെ അഭിനന്ദിച്ച് തദ്ദേശസ്വയംഭരണ വകുപ്പുമന്ത്രി എം.ബി. രാജേഷ്. കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണെന്ന് മന്ത്രി എം.ബി. രാജേഷ് ഫെയ്‌സ്ബുക്കിലൂടെ കുറിച്ചു.
ചെന്നിത്തലയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചതായും എം.ബി. രാജേഷ് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ലഹരി മരുന്നിനെതിരെയുള്ള ഈ ജനകീയ മുന്നേറ്റത്തിനുള്ള പിന്തുണയ്ക്കു നന്ദി എന്ന്- രാജേഷിന് മറുപടിയുമായി രമേശ് ചെന്നിത്തലയുമെത്തി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് പങ്കുവെച്ചു കൊണ്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം
എം.ബി. രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം : മയക്കുമരുന്നിനെതിരായ യുദ്ധത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ കേരളം ഒറ്റക്കെട്ടായാണ് അണിനിരക്കുന്നത്. ഈ യോജിപ്പിനെ ശക്തിപ്പെടുത്തുന്നതാണ് മുന്‍ പ്രതിപക്ഷനേതാവ് ശ്രീ. രമേശ് ചെന്നിത്തല നടത്തുന്ന ഇടപെടല്‍. കോഴിക്കോടും കൊല്ലത്തും തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ മയക്കുമരുന്ന് വിരുദ്ധ സന്ദേശവുമായി നടത്തിയ സമൂഹനടത്തം മാതൃകാപരമായ ഇടപെടലാണ്. ഇക്കാര്യത്തില്‍ ഫോണില്‍ വിളിച്ച് അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ അറിയിക്കുകയുണ്ടായി. മയക്കുമരുന്ന് ഒരു സാമൂഹിക വിപത്താണ്. അതിനെതിരേ സമൂഹമാകെ അണിനിരക്കുകയാണ് വേണ്ടത്. രാഷ്ട്രീയ ഭിന്നതകളൊന്നും അതിന് തടസമാവില്ല. ശ്രീ. രമേശ് ചെന്നിത്തലയെപ്പോലെ ആരു രംഗത്തുവന്നാലും സ്വാഗതാര്‍ഹമാണ്. മയക്കുമരുന്ന് എന്ന മഹാവിപത്തിനെതിരായ കൂട്ടായ പോരാട്ടം നമുക്ക് ഒറ്റക്കെട്ടായി തുടരാം.