തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാന് മുകളില്‍ ചക്രവാത ചുഴി സ്ഥിതിചെയ്യുന്നതിന്റെ സ്വാധീന ഫലമായാണ് നിലവില്‍ സംസ്ഥാനത്ത് മഴ തുടരുന്നത്. നാളെയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും പശ്ചിമ ബംഗാള്‍ ബംഗ്ലാദേശ് തീരത്തിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെടാനും അത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലകളിൽ മഴ ശക്തമാകാനുളള സാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്.