ഇടുക്കി: മുല്ലപ്പെരിയാർ ഡാം ഇന്ന് തുറന്നേക്കും. ശക്തമായ മഴ തുടർന്നാൽ റൂൾ കർവ് പ്രകാരം ഇന്ന് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും. ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയാൽ സ്പിൽവേ ഷട്ടറുകൾ തുറന്ന് തമിഴ്നാട് പെരിയാർ നദിയിലേക്ക് വെള്ളമൊഴുക്കും. നിലവിൽ 135.5 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്.
സാഹചര്യം കണക്കിലെടുത്ത് പെരിയാർ, മഞ്ചുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പൻചോല എന്നിവിടങ്ങളിൽനിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാൻ കലക്ടര്‍ വി വിഗ്നേശ്വരി നിര്‍ദേശംനല്‍കി.
ജൂൺ മാസത്തിലെ റോൾ കർവ് പ്രകാരം 136 അടിയാണ് പരമാവധി സംഭരണശേഷി. സെക്കൻഡിൽ 6100 ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 1860 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. 2022 ആഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതേസമയം, ഇടുക്കി ഡാമിലെ ജലനിരപ്പ് 2368.06 അടിയായി ഉയർന്നിട്ടുണ്ട്.