തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ വി എസ് അച്യുതാനന്ദൻ്റെ ഹൃദയമിടിപ്പും ശ്വാസോച്ഛാസവും സാധാരണ നിലയിലേയ്ക്ക് കൊണ്ടുവരാനുള്ള ശ്രമം തുടർന്ന് വരികയാണെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്.
ഡയാലിസിസിനും 72 മണിക്കൂര്‍ നിരീക്ഷണത്തിനും ശേഷം വൃക്ക സംബന്ധമായ പ്രശ്‌നങ്ങളില്‍ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തല്‍. കടുത്ത ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്തുള്ളതിനെ അപേക്ഷിച്ച് നേരിയ പുരോഗതി ഉണ്ടെങ്കിലും ആരോഗ്യ സ്ഥിതി ഗുരുതരമായി തന്നെ തുടരുന്നെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്ന് അറിയുന്നത്. കാർഡിയോളജി, ന്യൂറോളജി, നെഫ്രോളജി ഡോക്ടർമാരുടെ വിദഗ്ധ സംഘമാണ് ചികിത്സകൾക്ക് നേതൃത്വം നൽകുന്നത്.